ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കാറ്റ് ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണിത്. സാധാരണ മാസങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍വരെ ഇവിടെ കാറ്റു വീശാറുണ്ട്. ജൂണ്‍, ജൂലായ് മാസങ്ങളില്‍ ഇത് നൂറ് കിലോമീറ്റര്‍ വേഗതയിലെത്തും. കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതിയെക്കുറിച്ച് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും ഇനിയും തുടങ്ങിയിട്ടില്ല.

ഇല്ലിക്കാടികള്‍ വളര്‍ന്നു വളഞ്ഞുനില്ക്കുന്ന ഒറ്റയടിപ്പാതയിലൂടെ മലമുകളിലേക്ക് പോകാം. നിറയെ കുറ്റിച്ചെടികളും അപൂര്‍വ്വയിനം പൂക്കളും നിറഞ്ഞതാണ് ഈ കുന്നുകള്‍. ഇവിടുത്തെ പൂക്കള്‍ക്ക് സമതലങ്ങളെ പൂക്കളേക്കാള്‍ നിറമുണ്ട്. തുടര്‍ച്ചയായി കാറ്റുവീശുന്നതുകൊണ്ടാകാം മരങ്ങളൊന്നും അധികം ഉയരത്തിലേക്ക് വളരുന്നില്ല. കൊച്ചുകൊച്ചു ഹരിത സ്വപ്നങ്ങള്‍മാത്രമുള്ള ബോണ്‍സായ് കാടുകള്‍.

ഒന്നാം മലകേറി ചെല്ലുമ്പോള്‍ മറുപുറത്ത് കാഴ്ചയുടെ വിസ്മയം. അനന്തമായി പരന്നുകിടക്കുന്ന തമിഴകത്തിന്റെ ആകാശക്കാഴ്ച. പച്ചയും തവിട്ടും മഞ്ഞയും കലര്‍ന്ന ചതുരങ്ങളായി വിഭജിക്കപ്പെട്ട കൃഷിയിടങ്ങളുടെ പരപ്പ്. അതിനു നടുവിലൂടെ മലയടിവാരത്തുനിന്നും ആരംഭിച്ച് ഏതോ ജനപഥം തേടി വളഞ്ഞു പുളഞ്ഞുപോകുന്ന ടാറിട്ട പാത. നോക്കിനോക്കിയിരുന്നാല്‍ സൈക്കിളിലോ കാല്‍നടയായോ പോകുന്ന മനുഷ്യരെക്കാണാം. ഉറുമ്പുകളേപ്പോലെ ചലിക്കുന്ന മനുഷ്യരുടെ വിദൂര ദൃശ്യങ്ങള്‍. വല്ലപ്പോഴും മാത്രം ഒരു ട്രാക്ടര്‍ ആ വഴിയുടെ അറ്റത്തേക്ക് ഒറ്റക്ക് ഓടിപ്പോകുന്നുണ്ടാകും. ആ മോട്ടോര്‍ വാഹനത്തിന്റെ ഏകാന്തയാത്ര നഗരത്തില്‍ നിന്നും കാഴ്ചതേടി പോയവരെ അസ്വസ്തരാക്കും. സമീപ ദേശങ്ങളിലൊന്നും ഒരു ജനവാസ കേന്ദം കാണാനില്ല. കാഴ്ചയുടെ അറ്റത്ത് ചിതറിക്കിടക്കുന്ന ചില നഗര ഭാഗങ്ങള്‍ കാണാം. കമ്പം, ഉത്തമപാളയം, രാജപ്പന്‍പെട്ടി, കോമ്പ....എന്നിങ്ങനെ അവ്യക്തമായി കാണുന്ന പട്ടണ ശകലങ്ങള്‍.

ഈ പര്‍വ്വത നിരയുടെ അടിവാരത്തായി അങ്ങു തമിഴകത്ത് ഒരു ക്ഷേത്രമുണ്ട്. .ബൈനോക്കുലര്‍ കൂടുതല്‍ സൂം ചെയ്താല്‍ ചുറ്റുമതിലും ഗോപുരങ്ങളും ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ശ്രീകോവിലും അതിലെ ശില്പങ്ങളും കാണാം.
അടുത്തെങ്ങും ആള്‍പാര്‍പ്പിന്റെ ലക്ഷണംപോലുമില്ലാത്ത ഈ തമിഴക ഭൂമിയില്‍ എങ്ങനെയാണ് ഈ കോവില്‍ ഒറ്റക്കിങ്ങനെ? രാമക്കല്‍മേടിന്റെ ഏറ്റവും ഉയരത്തില്‍ കാണുന്ന വലിയ പാറക്കെട്ടിന്റെ വേര് ഈ ക്ഷേത്രത്തിന്റെ വിഗ്രഹത്തില്‍ നിന്നും ആരംഭിക്കുന്നുവെന്നാണ് വിശ്വാസം. തമിഴ്നാട്ടില്‍ അപൂര്‍വ്വമായി കാണുന്ന വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. വര്‍ഷത്തിലൊരിക്കല്‍ കന്നിമാസത്തിലെ അഞ്ച് ശനിയാഴ്ചകളിലായി ഇവിടെ ഉല്‍സവം നടക്കും. ആ ദിവസങ്ങളില്‍ വലിയ തിരക്കാണിവിടെ. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് ബസുകള്‍ ഓടും. സന്ധ്യക്കുമുമ്പുതന്നെ ഉല്‍സവാഘോഷങ്ങള്‍ തീര്‍ന്ന് ആളുകള്‍ മടങ്ങും.

ഒരുകാലത്ത് ഈ പ്രദേശം ജനനിബിഡമായിരുന്നുവെത്ര. കാലാവസ്ഥയും കാട്ടുമൃഗങ്ങളുടെ ശല്യവും കാരണം ജനങ്ങള്‍ ഇവിടം വിട്ടുപോയി എന്നാണ് പറയപ്പെടുന്നത്. അതല്ല യുദ്ധം ഊരുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തതാണെന്നും പറയപ്പെടുന്നു. ഇവിടെയുണ്ടായിരുന്ന ജനത ചുറ്റുമുള്ള എട്ട് ഊരുകളിലേക്കായി പിരിഞ്ഞുപോയെന്നും, വര്‍ഷത്തിലൊരിക്കല്‍ കന്നിമാസത്തിലെ അഞ്ചു ശനിയാഴ്ചകളിലായി നടക്കുന്ന ഉല്‍സവത്തിന് എല്ലാവരും മടങ്ങിയെത്തുന്നു എന്നുമാണ് കഥ. എന്തായാലും ഇത്ര വിജനമായി ഒരു ഭൂപ്രദേശത്ത് ഇങ്ങനെയൊരു ക്ഷേത്രം, അത്ഭുതക്കാഴ്ചതന്നെയാണ്. ഇത്രയധികം ഏകാന്തമായ ഒരുക്ഷേത്രവും ഞാനിന്നുവരെ കണ്ടിട്ടില്ല.
കടല്‍ പിന്‍വാങ്ങി കരയായിത്തീര്‍ന്ന പ്രദേശമാണ് രാമക്കല്‍ മേട് എന്നാണ് പറയപ്പെടുന്നത്. ചെങ്കുത്തായ ഈ പാറക്കെട്ടുകളില്‍ ജലം പിന്വാഭങ്ങിയതിന്റ അടയാളങ്ങള്‍ കാണാം. തിരമാലകള്‍ പലയാവര്‍ത്തി തട്ടിച്ചിതറിയ പാറക്കെട്ടുകള്‍ പോലെ ഈ കൂറ്റന്‍ ശിലകളില്‍ കടലിന്റെ കൈയ്യൊപ്പ് വായിക്കാം. താഴെ മൂവായിരം അടിയുടെ ശൂന്യതയിലേക്ക് കാലും തൂക്കിയിട്ട് ഈ പാറക്കെട്ടില്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ സമുദ്രം കാലില്‍ തൊട്ടുമടങ്ങുംപോലെ തോന്നും. കാറ്റ് നിര്‍ത്താതെ വീശിക്കൊണ്ടേയിരിക്കും.
