Sunday, May 04, 2008

മാക്‌ട മലയാള സിനിമയോട്‌ ചെയ്യുന്നത്‌
കെ പി ജയകുമാര്‍, കെ ആര്‍ രണ്‍ജിത്‌
(സൗത്ത്‌ ഏഷ്യാ ഫീച്ചേഴ്‌സ്‌)

കേരളത്തില്‍ രൂപം കൊണ്ട ഏറ്റവും പ്രായം കുറഞ്ഞ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ മാക്‌ട ഫെഡറേഷന്‍ മാസങ്ങള്‍ക്കു മുമ്പ്‌ ഒരു പണിമുടക്ക്‌ നടത്തി. ഫെഡറേഷനിലെ ഡ്രൈവര്‍മാരുടെ ദിവസക്കൂലിവര്‍ദ്ധിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. സിനിമാമേഖലയാകെ ദിവസങ്ങളോളം സ്‌തംഭിപ്പിച്ച ആ പണിമുടക്ക്‌ വിജയം കണ്ടുവെങ്കിലും പുതുതായി രൂപം കൊണ്ട തൊഴിലാളി പ്രസ്ഥാനത്തിന്റെ ആഭ്യന്തരവൈരുദ്ധ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടാണ്‌ അത്‌ അവസാനിച്ചത്‌. `ഡ്രൈവര്‍മാരുടെ കൂലി വര്‍ദ്ധിപ്പിക്കുന്നതിന്റെ പേരില്‍ നമ്മുടെ സ്വപ്‌നങ്ങള്‍ ബലി കഴിക്കേണ്ടി വരുന്നത്‌ വലിയ കഷ്‌ടമാണെന്ന്‌' ഒരു പ്രമുഖ സംവിധായകന്‍ ആത്മഗതം പോലെ പറഞ്ഞു. കോടികള്‍ മുടക്കി (പലപ്പോഴും പാഴാക്കി) സിനിമ ചെയ്യുന്ന നിര്‍മ്മാതാക്കളാകട്ടെ ഡ്രൈവര്‍മാര്‍ക്ക്‌ തുച്ഛമായ കൂലി വര്‍ദ്ധന നടപ്പാക്കാന്‍ അനാവശ്യമായി ബലം പിടിക്കുകയും ചെയ്‌തു. ഡ്രൈവര്‍മാരുടെ ആവശ്യത്തിന്‌ വഴങ്ങിക്കൊടുത്താല്‍ ഭാവിയില്‍ മാക്‌ട ഫെഡറേഷനിലെ മറ്റ്‌ യൂണിയനുകളും ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി മുന്നോട്ടുവരുമെന്ന ഭയം സ്വഭാവികമായും അവര്‍ പ്രകടിപ്പിച്ചു. അതിനിടയിലാണ്‌ ഫെഡറേഷനിലെ തന്നെ ഡയറക്‌ടേഴ്‌സ്‌ യൂണിയന്‍ അംഗങ്ങള്‍ അടക്കമുള്ള വന്‍ തുകകള്‍ കൈപ്പറ്റുന്ന `തൊഴിലാളികള്‍' പരസ്യമായും രഹസ്യമായും സമരത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ചത്‌. സമരം പിന്നെയും നീണ്ടുപോയിരുന്നെങ്കില്‍ സംഘടനയില്‍ വിള്ളലുകള്‍ ഉണ്ടാകുമെന്നുവരെ സംശയം ഉണര്‍ന്നിരുന്നു. ഈ സമരത്തിലൂടെ ഒരു ട്രേഡ്‌ യൂണിയനെന്ന നിലയില്‍ മാക്‌ട ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. അതോടൊപ്പം തൊഴിലെടുക്കാനുള്ള അവകാശവും തൊഴിലാളി യൂണിയനുകളുടെ ഇടപെടലുകളും സൃഷ്‌ടിച്ച വൈരുദ്ധ്യം മലയാള സിനിമയില്‍ പുതിയൊരു പ്രശ്‌നമേഖല സൃഷ്‌ടിക്കുകയായിരുന്നു. നാല്‌പതുലക്ഷം പ്രതിഫലം വാങ്ങുന്ന സംവിധായകര്‍ മുതല്‍ ദിവസക്കൂലിക്ക്‌ പണിയെടുക്കുന്ന പ്രൊഡക്‌ഷന്‍ ബോയ്‌ വരെയുള്ള വിവിധ സാമ്പത്തിക ശ്രേണിയില്‍ പെട്ടവര്‍ ഒരേ കൊടിക്കീഴില്‍ അണിനിരന്നതാണ്‌ മാക്‌ട ഫെഡറേഷന്‍. സമനിരപ്പായ ഒരു തൊഴില്‍ സംസ്‌കാരത്തിന്റെ സാധ്യതയായിരുന്നു അത്‌ മുന്നോട്ടുവെച്ചത്‌. എന്നാല്‍ ആഭ്യന്തരമായ വര്‍ഗ്ഗ സംഘര്‍ഷങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും അധികാരമുറപ്പിക്കലും നിലനിര്‍ത്തലും മുഖ്യ അജണ്ടയാവുകയുമാണുണ്ടായത്‌. തൊഴില്‍ പരമായും സര്‍ഗ്ഗാത്മകമായും സിനിമയെ മുന്നോട്ടു നയിക്കുന്നതില്‍ യൂണിയന്‍ പരാജയപ്പെടുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നത്‌ ഈ ഘട്ടത്തിലാണ്‌. പ്രശസ്‌ത സംവിധായകന്‍ കമല്‍ ഒരഭിമുഖത്തില്‍ പറയുന്നു. ``... സംഘടനയിലെ അംഗങ്ങളുടെ അടിയന്തിരമായ ആവശ്യങ്ങള്‍ പരിഹരിക്കുക എന്നതില്‍ കവിഞ്ഞ്‌ ഒന്നും സംഭവിക്കുന്നില്ല. ചര്‍ച്ചക്കുള്ള വേദിയല്ല അത്‌. മാക്‌ടയില്‍മാത്രമല്ല, നിര്‍മ്മാതാക്കള്‍ക്കിടയിലോ, താരങ്ങള്‍ക്കിടയിലോ അത്തരം ചര്‍ച്ചകള്‍ സംഭവിക്കുന്നില്ല.'' വ്യവസായമെന്ന നിലയില്‍ സിനിമ ഒരു സാമ്പത്തിക സ്ഥാപനമാണ്‌. ഒരു സംവേദന രൂപമെന്ന നിലയില്‍ സാംസ്‌കാരിക സ്ഥാപനവും. സാമ്പത്തിക സ്ഥാപനമെന്ന നിലയില്‍ മൂലധനത്തിന്റെ പ്രത്യയശാസ്‌ത്ര താല്‌പര്യങ്ങളാണ്‌ സിനിമയില്‍ നടക്കുന്നത്‌. ജനങ്ങളെ സ്വന്തം വിശ്വാസങ്ങള്‍ക്കും ലോക വീക്ഷണങ്ങള്‍ക്കും അനുസരിച്ച്‌ ചിട്ടപ്പെടുത്തുവാന്‍ അത്‌ ശ്രമിക്കുന്നു. ഈ മൂലധന താല്‌പര്യങ്ങള്‍ക്ക്‌ പ്രത്യയശാസ്‌ത്രപരമായ സാധൂകരണം നല്‍കുന്നത്‌ സിനിമയുടെ `സാംസ്‌കാരിക മൂല്യമാണ്‌.' ഇവിടെയാണ്‌ ഒരു തൊഴിലാളി യൂണിയന്‍ എടുക്കുന്ന നിലപാട്‌ വളരെ നിര്‍ണ്ണായകമാവുന്നത്‌. ``ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്കും ആദ്യകാല ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും വളരെയധികം വേരോട്ടമുള്ള ഒരു സംസ്ഥാനമാണിത്‌. ഇവിടെ എല്ലാ മേഖലയിലും ട്രേഡ്‌ യൂണിയനിസം വന്നിട്ടുണ്ട്‌. സിനിമയില്‍ അത്‌ സാധ്യമായിട്ട്‌ രണ്ട്‌ വര്‍ഷമേ ആയിട്ടുള്ളൂ എന്നത്‌ ഒരു പാരഡോക്‌സ്‌ ആണ്‌. തമിഴിലും തെലുങ്കിലും മറ്റ്‌ പ്രാദേശിക ഭാഷകളിലും ട്രേഡ്‌ യൂണിയന്‍ ശക്തമാണ്‌. കേരളത്തില്‍ എന്തുകൊണ്ടോ അത്‌ വൈകി. സംവിധായകര്‍ മുതല്‍ പ്രൊഡക്ഷന്‍ ബോയ്‌സ്‌ വരെയുള്ള പതിനെട്ട്‌ - ഇപ്പോള്‍ ഇരുപതോളം ആയി- സംഘടനകള്‍ ചേര്‍ന്ന ഒരു കോണ്‍ഫെഡറേഷന്‍ ആണ്‌ ഇപ്പോള്‍ മാക്‌ട ഫെഡറേഷന്‍. ചരിത്രത്തിന്റെ ഒരു ഡിമാന്റിനോട്‌ ഒരു ഇന്‍ഡസ്‌ട്രി വളരെ വൈകി പ്രതികരിച്ചതാണ്‌ എന്ന്‌ പറയാം. അസംഘടിതമായ ഒരു തൊഴിലാളി മേഖല സംഘടിതമാവുകയാണ്‌. അതില്‍ ഇത്രയും അങ്കലാപ്പുകളുണ്ടാക്കേണ്ട കാര്യമില്ല. മറ്റെല്ലാ തൊഴിലാളി യൂണിയനുകള്‍ക്കും ഉള്ളതുപോലെ മാക്‌ടയിലെ എല്ലാ യൂണിയനിലും അംഗത്വം ലഭിക്കുന്നതിന്‌ അതിന്റെതായ മാനദണ്ഡങ്ങളുണ്ട്‌. ഈ മാനദണ്ഡങ്ങള്‍ക്ക്‌ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിന്‌ അതിന്റെ ജനറല്‍ ബോഡിക്ക്‌ സാധിക്കുന്നതുമാണ്‌.'' മാക്‌ട ഫെഡറേഷന്‍ ജോയിന്റ്‌ സെക്രട്ടറിയും റൈറ്റേഴ്‌സ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്‌ണന്‍ പറയുന്നു. ഏകീകൃതമായ ട്രേഡ്‌ യൂണിയന്‍ സ്വഭാവത്തിലേക്കും സിനിമാരംഗത്തെ ഏക ട്രേഡ്‌ യൂണിയന്‍ എന്ന നിലയിലേക്കും മാക്‌ട ഫെഡറേഷന്‍ മാറുമ്പോള്‍ അത്‌ മുന്നോട്ടുവെയ്‌ക്കുന്ന നിബന്ധനകളും മാനദണ്ഡങ്ങളും `ഉള്ളിലുള്ളവരെ' പരമാവധി സംരക്ഷിക്കുന്നതിനും `പുറത്തുനിന്നുള്ളവരെ' ആവും വിധം അകറ്റിനിര്‍ത്തുന്നതിനും ലക്ഷ്യം വെച്ചുള്ളതാണെന്ന്‌ ആരോപണങ്ങള്‍ ഉയരുന്നു. മാക്‌ട ഫെഡറേഷനില്‍ അംഗത്വം ലഭിക്കുന്നതിന്‌ 15000 മുതല്‍ അമ്പതിനായിരം രൂപ വരെയാണ്‌ വ്യത്യസ്‌ത യൂണിയനുകള്‍ ഈടാക്കുന്നത്‌. ഭാരിച്ച അംഗത്വഫീസ്‌ ഒടുക്കാന്‍ തയ്യാറായാല്‍ തന്നെ അംഗത്വം നല്‍കുന്നതിന്‌ അനാവശ്യമായ കാലതാമസം ഉണ്ടാകുകയും ചെയ്യുന്നു. പല യൂണിയനുകളും ഒരു തരം കുത്തക സ്വഭാവത്തോടെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം പലഭാഗത്തുനിന്നും ഉയരുന്നു.``ഡയറക്‌ടേഴ്‌സ്‌ യൂണിയനില്‍ ഇരുപത്തി അയ്യായിരം രൂപ ഈടാക്കുന്നുണ്ട്‌. പതിനായിരം രൂപ അംഗത്വ ഫീസ്‌ ഈടാക്കുന്ന യൂണിയനുകളും ഉണ്ട്‌. അതില്‍ കൂടുതല്‍ ഉള്ള സംഘടകളും ഉണ്ട്‌. സിനിമ എന്നത്‌ തരക്കേടില്ലാത്ത വേതനം ലഭിക്കുന്ന ഒരു തൊഴില്‍ മേഖലയാണ്‌. ട്രേഡ്‌ യൂണിയന്‍ രൂപീകരണത്തിന്‌ മുമ്പുവരെ വേതനം കിട്ടിയില്ലെങ്കില്‍ കിട്ടിയില്ല എന്നേ ഉള്ളൂ. അത്‌ ചോദിച്ചുവാങ്ങാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. പക്ഷേ ഇനി അത്‌ അങ്ങനെയല്ല. പ്രതിഫലം വാങ്ങിച്ചുകൊടുക്കുന്നതിനുള്ള ഉത്തരവാദിത്തം യൂണിയന്‍ ഏറ്റെടുക്കും. തൊഴിലാളികളുടെ അവകാശ സംരക്ഷണം, ഇന്‍ഷൂറന്‍സ്‌ പരിരക്ഷ, ക്ഷേമനിധി തുടങ്ങി ഒരു ട്രേഡ്‌ യൂണിയന്‍ തൊഴിലാളികള്‍ക്ക്‌ ഉറപ്പു നല്‍കുന്ന വ്യവസ്ഥകളെല്ലാം ഫെഡറേഷന്‍ നല്‍കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഇതൊരു കനത്ത അംഗത്വഫീസായി പരിഗണിക്കാനാവില്ല.'' എന്നാണ്‌ ബി ഉണ്ണികൃഷ്‌ണന്‍ പറയുന്നത്‌. എഡിറ്റേഴ്‌സ്‌ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ അമ്പതിനായിരം രൂപയാണ്‌ അടയ്‌ക്കേണ്ടത്‌. പുതുമുഖങ്ങളെ പരമാവധി ഒഴിവാക്കുന്ന പ്രവണതയാണ്‌ ഈ യൂണിയനില്‍ നിലനില്‍ക്കുന്നതെന്ന്‌ യുവതലമുറയിലെ പല എഡിറ്റര്‍മാരും പരാതിപ്പെടുന്നു. രാജീവ്‌ അഞ്ചല്‍ സംവിധാനം ചെയ്‌ത `മെയ്‌ഡ്‌ ഇന്‍ യു എസ്‌ എ' എന്ന ചിത്രത്തിലൂടെ എഡിറ്ററായി രംഗപ്രവേശം ചെയ്‌ത വിജയ്‌ ശങ്കറിന്‌ മാക്‌ട എഡിറ്റേഴ്‌സ്‌ യൂണിയനില്‍ അംഗത്വമില്ല. ``അംഗത്വത്തിനുള്ള അപേക്ഷ ഒപ്പുവെയ്‌ക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയാണ്‌. ഏതെങ്കിലും എഡിറ്ററോടൊപ്പം രണ്ടുവര്‍ഷം അപ്രന്റിസായി പ്രവര്‍ത്തിച്ചിരിക്കണം. അപ്പോള്‍ മാക്‌ടയില്‍ നിന്നും അപ്രന്റിസ്‌ കാര്‍ഡ്‌ കിട്ടും. അതുമായി ചെന്നാല്‍ അംഗത്വം നല്‍കാമെന്നാണ്‌ പറയുന്നത്‌. പഴയ കാലത്താണെഎങ്കില്‍ ഇത്‌ ശരിയായിരുന്നു. അന്നൊക്കെ എഡിറ്റിംഗ്‌ പഠിക്കാന്‍ അവസരങ്ങള്‍ കുറവായിരുന്നു. അപ്പോള്‍ അപ്രന്റിസായി പ്രവര്‍ത്തിക്കണം. ഇപ്പോള്‍ നിരവധി ഇന്‍സ്റ്റിറ്റിയൂട്ടുകളുണ്ട്‌. അവിടെനിന്നും എഡിറ്റിംഗ്‌ ജോലികള്‍ പഠിച്ചിറങ്ങുന്നവരാണ്‌ എന്നെപ്പോലുള്ളവര്‍. സ്വതന്ത്രമായി സിനിമ ചെയ്‌ത്‌ കഴിവ്‌ തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇനിയും അപ്രന്റിസായും, അസിസ്റ്റന്റ്‌ എഡിറ്ററായുമൊക്കെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കണം എന്നു പറയുന്നത്‌ അസംബന്ധമാണ്‌. കാലത്തിനനുസരിച്ച്‌ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ തൊഴിലാളി യൂണിയനുകള്‍ തയ്യാറാവണം.'' ബ്ലെസിയുടെ കല്‍ക്കട്ടാ ന്യൂസിന്റെയും ഫ്രെയിംഡ്‌ എന്ന ഇംഗ്ലീഷ്‌ ചിത്രത്തിന്റെയും എഡിറ്ററായിരുന്നു വിജയ്‌. മാക്‌ട ഇടപെടലുകളെ തുടര്‍ന്ന്‌ കല്‍ക്കട്ടാ ന്യൂസിന്റെ ക്രഡിറ്റ്‌ ലിസ്റ്റില്‍ കെ തങ്കവേല്‍ കുമരന്‍ എന്ന അംഗത്വമുള്ള ആളിന്റെ പേരാണ്‌ നല്‍കിയിരിക്കുന്നത്‌. നൂറ്‌ ദിവസത്തോളം കൊല്‍ക്കത്തയിലും കൊച്ചിയിലുമായി നടന്ന ഷൂട്ടിംഗിന്റെ ഓണ്‍ ലൈന്‍ എഡിറ്റിംഗ്‌ നടത്തിയതും ചിത്രത്തിന്റെ എഡിറ്റിംഗ്‌ സംബന്ധമായ എല്ലാ കാര്യങ്ങളും ചെയ്‌തതും വിജയ്‌ ശങ്കറായിരുന്നു. ഒടുവില്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍ ക്രഡിറ്റ്‌ ലിസ്റ്റില്‍ ഏറ്റവും അവസാനം `കട്ട്‌സ്‌: വിജയ്‌ ശങ്കര്‍' എന്നുമാത്രം കാണാം. ``അംഗത്വത്തെക്കുറിച്ചൊന്നും ഞാനിപ്പോള്‍ ശ്രദ്ധിക്കാറില്ല. ക്രഡിറ്റില്‍ പേര്‌ വന്നാലും ഇല്ലെങ്കിലും ഞാന്‍ വര്‍ക്ക്‌ ചെയ്യും.'' ജോലി അറിയുന്നവരെ ഒരുപാട്‌ കാലം അകറ്റി നിര്‍ത്താനാവില്ലെന്നാണ്‌ വിജയ്‌ പറയുന്നത്‌. മലയാളത്തില്‍ ഏറ്റവും വേഗതയാര്‍ന്ന ചിത്രങ്ങള്‍ക്ക്‌ എഡിറ്റിങ്‌ നിര്‍വ്വഹിച്ച ഡോണ്‍ മാക്‌സിനും ഇതേ ഗതി തന്നെയാണുണ്ടായത്‌. എഡിറ്റര്‍ എന്ന പേരിന്‌ പകരം `കട്‌സ്‌' കൊണ്ടു തൃപ്‌തിപ്പെടേണ്ടി വരുന്നു ഇവര്‍ക്കെല്ലാം. ഇതുമൂലം അര്‍ഹതപ്പെട്ട പല അംഗീകാരങ്ങളും ഇവര്‍ക്ക്‌ നഷ്‌ടപ്പെടുകയാണ്‌ ചെയ്യുന്നത്‌. എഡിറ്റേഴ്‌സ്‌ യൂണിനില്‍ പുതിയ ചെറുപ്പക്കാര്‍ക്ക്‌ വിവേചനം ഒന്നുമില്ലെന്ന്‌ ബി ഉണ്ണികൃഷ്‌ണന്‍ പറയുന്നു. ``എഡിറ്റേഴ്‌സ്‌ യൂണിയനില്‍ കുറെ പുതിയ ചെറുപ്പക്കാര്‍ കടന്നുവന്നിട്ടുണ്ട്‌. അങ്ങനെയുള്ള ഏഴ്‌ ചെറുപ്പക്കാര്‍ക്ക്‌ എഡിറ്റേഴ്‌സ്‌ യൂണിയനില്‍ മെമ്പര്‍ഷിപ്പ്‌ കൊടുത്തിട്ടുണ്ട്‌. അങ്ങനെ കടന്നുവന്ന ഒരു ചെറുപ്പക്കാരനാണ്‌ ഡോണ്‍ മാക്‌സ്‌. അതിന്‌ ശേഷം എഡിറ്റേഴ്‌സ്‌ യൂണിയന്‍ എടുത്ത ഒരു തീരുമാനം രണ്ട്‌ വര്‍ഷമെങ്കിലും ഇന്‍-സ്റ്റുഡിയോ എക്‌സ്‌പീരിയന്‍സ്‌ ഉള്ളവര്‍ക്കുമാത്രം മെമ്പര്‍ഷിപ്പ്‌ കൊടുത്താല്‍ മതിയെന്നാണ്‌. എഡിറ്റിങ്‌ എന്നത്‌ വളരെ സാങ്കേതിക മികവ്‌ ആവശ്യപ്പെടുന്ന ഒരു ജോലിയായതുകൊണ്ടാണ്‌ അത്തരമൊരു മാനദണ്ഡം മുന്നോട്ടുവെച്ചത്‌. ആയാള്‍ അത്തരത്തില്‍ പരിശീലനം നേടിയ ആളായിരിക്കണം, അംഗീകൃത സ്ഥാപനങ്ങളില്‍ പഠിച്ച ആളുകളെ ഈ നിബന്ധനകളില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.'' അദ്ദേഹം പറയുന്നു. എന്നാല്‍ ട്രേഡ്‌ യൂണിയന്‍ നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്ന അവകാശ സംരണമോ ജനാധിപത്യമോ സിനിമയുടെ തൊഴിലിടങ്ങളില്‍ കാണാനാവില്ലെന്നാണ്‌ തൊഴിലാളികള്‍ രഹസ്യമായി പങ്കുവെയ്‌ക്കുന്ന അനുഭവം. വന്‍ തുക പ്രതിഫലം വാങ്ങുന്ന സംവിധായകരും ദിവസക്കൂലിക്ക്‌ ജോലിചെയ്യുന്ന പ്രൊഡക്ഷന്‍ ബോയ്‌സും അടങ്ങുന്ന വലിയ വൃത്തത്തിനുള്ളില്‍ ഭക്ഷണം മാത്രം പ്രതിഫലമായി ലഭിക്കുന്ന മറ്റൊരു വിഭാഗമുണ്ട്‌. സംവിധാന സഹായികള്‍! സിനിമ തലയ്‌ക്കുപിടിച്ച്‌ ഇറങ്ങിപ്പുറപ്പെടുന്ന നിരവധി ചെറുപ്പക്കാര്‍ സിനിമാ സെറ്റുകളിലെ കോമാളികളായിത്തീരുകയാണ്‌ പതിവ്‌. മാക്‌ടയില്‍ താല്‌ക്കാലിക അംഗത്വം നേടി സിനിമ പഠിക്കാനെത്തുന്നന്നവര്‍ ചുരുങ്ങിയത്‌ മൂന്ന്‌ സിനിമകളിലെങ്കിലും സംവിധായകനൊപ്പം നിന്നെങ്കിലെ ഇവരെ സ്ഥിരാംഗത്വത്തിന്‌ പരിഗണിക്കുകയുള്ളു. ഇക്കാലമത്രയും സംവിധായകന്റെ ആട്ടും തുപ്പും സഹിച്ച്‌ പ്രതിഫലമൊന്നുമില്ലാതെ പണിയെടുക്കണം. വരാനിരിക്കുന്ന നല്ല കാലത്തിനുവേണ്ടിയുള്ള പരിധിയില്ലാത്ത സഹനം! മലയാളത്തിലെ ഒരു പ്രമുഖ ആക്‌ഷന്‍ സംവിധായകന്റെ കൂടെ നാല്‌ ചിത്രങ്ങളില്‍ അസിസ്റ്റന്റ്‌ സംവിധായകനായി പ്രവര്‍ത്തിച്ച ഒരു യുവാവ്‌ തന്റെ അനുഭവം ഇങ്ങനെയാണ്‌ വിവരിക്കുന്നത്‌. നാല്‌ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടും തന്റെ പേരെന്താണെന്നുപോലും സംവിധായകന്‌ അറിയില്ലായിരുന്നു. തുടക്കം മുതല്‍ `ഇഡിയറ്റ്‌' എന്നാണ്‌ സംവിധായകന്‍ ഈ അസിസ്റ്റന്റിനെ വിളിച്ചിരുന്നത്‌. പുതുതായി സംവിധാന രംഗത്തേക്ക്‌ കടന്നുവരുന്ന `താല്‍ക്കാലിക മെമ്പര്‍ക്ക്‌' ലഭിക്കുന്ന സ്വീകരണം ഇതാണ്‌. നൂറ്‌ ദിവസത്തോളം നീണ്ട ഒരു മലയാള സിനിമയുടെ ചിത്‌കീകരണത്തിനുശേഷം വീട്ടിലേക്ക്‌ മടങ്ങിപ്പോകാന്‍ വണ്ടിക്കൂലിക്ക്‌ 500 രൂപ ചോദിച്ച അസിസ്റ്റന്റ്‌ ഡയറക്‌ടറോട്‌ പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞത്‌: ഒരു പൈസപോലും അസിസ്റ്റന്‍സിന്‌ കൊടുത്തുപോകരുതെന്നാണ്‌ ഡയറക്‌ടര്‍ പ്രത്യേകം പറഞ്ഞിരിക്കുന്നത്‌ എന്നാണ്‌. ചിത്രീകരണത്തിനൊടുവില്‍ ഡബ്ബിങ്ങിന്‌ സഹായിക്കാന്‍ ആദരപൂര്‍വ്വം കാത്തുനിന്ന മറ്റൊരു സംവിധാന സഹായി താമസിക്കാന്‍ ഇടമോ ഭക്ഷണം കഴിക്കാന്‍ പണമോ ഇല്ലാതെ ഒടുവില്‍ സംവിധായകനെ തന്നെ സമീപിച്ചു. ``ഞങ്ങളൊക്കെ സിനിമ പഠിച്ചത്‌ കടത്തിണ്ണയിലും ബസ്‌ സ്റ്റാന്റിലുമൊക്കെ അന്തിയുറങ്ങിയാ... കൊച്ചിയിലെന്താ റെയില്‍വേ സ്റ്റേഷനൊന്നും ഇല്ലായോ?'' എന്നായിരുന്നു ഗുരുവിന്റെ മറുപടി. ലൊക്കേഷനില്‍ വെച്ചു പരിചയപ്പെട്ട മറ്റൊരു സിനിമാഭ്രാന്തന്റെ കാരുണ്യത്തില്‍ അയാളുടെ മുറിയില്‍ അന്തിയുറങ്ങിയാണ്‌ ആ സംവിധാനസഹായി സിനിമ പൂര്‍ത്തിയാക്കിയത്‌. ഇത്തരം നിരവധി അനുഭവങ്ങള്‍ സിനിമാവ്യവസായ രംഗത്തെ യഥാര്‍ത്ഥ തൊഴിലാളികള്‍ പങ്കുവെയ്‌ക്കുന്നു. സിനിമാ സെറ്റിലെ ഭക്ഷണവിതരണത്തില്‍ മുതല്‍ പന്തിയിലെ വലുപ്പച്ചെറുപ്പം ദൃശ്യമാകും. സൂപ്പര്‍ സ്റ്റാര്‍ മുതല്‍ ലൈറ്റ്‌ ബോയ്‌ വരെ ഓരോ ശ്രേണിയില്‍ പെട്ടവര്‍ക്കും വ്യത്യസ്‌തമായ ഭക്ഷണമാണ്‌ വിതരണം ചെയ്യുക. താമസം മുതല്‍ ഭക്ഷണം വരെയുള്ള ഈ ഉച്ചനീചത്വം ഒരുതരം അനുഷ്‌ഠാനം പോലെ സിനിമാവ്യവസായം പാലിച്ചുപോരുന്നുണ്ട്‌. ഈ തൊഴില്‍ സാഹചര്യത്തിലേക്കാണ്‌ തൊലിപ്പുറമേയുള്ള ചില ട്രേഡ്‌ യൂണിയന്‍ അവകാശവാദങ്ങളുമായി ഫെഡറേഷന്‍ ഇടപെടലുകള്‍ നടത്തുന്നത്‌. സിനിമാ വ്യവസായരംഗത്ത്‌ ഇത്തരം മാമൂലുകളും ഉച്ചനീചത്വങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ്‌ ട്രേഡ്‌ യൂണിയന്‍ സ്വഭാവം കൈവരിക്കാന്‍ മാക്‌ട ശ്രമിക്കുന്നത്‌. തൊഴിലാളികളുടെ അവകാശങ്ങള്‍ പരിരക്ഷിക്കുകയെന്ന അടിസ്ഥാനപരമായ ലക്ഷ്യത്തിലേക്കുള്ള ഈ ചുവടുവെയ്‌പ്പില്‍ ഒരു കലാപ്രവര്‍ത്തനം എന്ന നിലയിലുള്ള സിനിമയുടെ സവിശേഷത മറ്റൊരു തരം പ്രതിസന്ധി കൂടി സൃഷ്‌ടിക്കുന്നുണ്ട്‌. മലയാള സിനിമാ രംഗത്ത്‌ നിലനിന്നുപോരുന്ന `ഗുരുകുല സമ്പ്രദായ'ത്തിന്‌ പുറത്തുനിന്ന്‌ വരുന്നവരെ അതെപ്പോഴും അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നു. പുതിയ സംവിധായകര്‍ക്കും പുതിയ സിനിമാസങ്കല്‍പങ്ങളുമായി വരുന്നവര്‍ക്കും നേരെ ട്രേഡ്‌ യൂണിയന്‍ തന്ത്രങ്ങള്‍ കൂടി പുറത്തെടുക്കുമ്പോള്‍ മാക്‌ടയുടെ പരിധിക്ക്‌ പുറത്തുനില്‍ക്കുന്ന സംവിധായകരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നു. പുതിയ കാഴ്‌ചശീലങ്ങളുടെ പിന്‍ബലത്തില്‍ പരമ്പരാഗത ശിക്ഷണമില്ലാതെ സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്‍ക്കുമുമ്പില്‍ മാക്‌ടയുടെ തൊഴിലാളിയൂണിയന്‍ മാനദണ്ഡങ്ങള്‍ വിലങ്ങുതടിയാവുന്നുവെന്ന വിമര്‍ശനം ശക്തമാണ്‌. നാടകരംഗത്ത്‌ സജീവമായി പ്രവര്‍ത്തിക്കുകയും പുതിയ കാലത്തിന്റെ രാഷ്‌ട്രീയം ധ്വനിക്കുന്ന സിനിമയെടുക്കണമെന്ന ആഗ്രഹവുമായി മുന്നോട്ടുവരുകയും ചെയ്‌ത ചെറുപ്പക്കാരനാണ്‌ അജയന്‍. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയെ ആസ്‌പദമാക്കി അജയന്‍ സംവിധാനം ചെയ്യുന്ന ബോധി എന്ന ചിത്രം ആദ്യം മുതല്‍ തന്നെ പ്രതിസന്ധിയിലൂടെയാണ്‌ കടന്നുപോയത്‌. കൃത്യമായ ഒരു പ്രൊഡ്യൂസറോ സംഘാംഗങ്ങളോ ഇല്ലാതെ വളരെ ചുരുങ്ങിയ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ചിത്രത്തിന്റെ മൂലധനം ഒരേ തരംഗവേഗത്തില്‍ ചിന്തിക്കുന്ന യുവാക്കളുടെ കൂട്ടായ്‌മയായിരുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്നെ മാക്‌ടയിലെ വിവിധ യൂണിയനുകള്‍ തടസ്സവാദവുമായി രംഗത്തുവന്നു. അവരുടെ യൂണിയനില്‍ പെട്ടവരെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കണം ചിത്രീകരണം, മാക്‌ടയില്‍ മെമ്പര്‍ഷിപ്പില്ലെങ്കില്‍ സിനിമയെടുക്കാനാവില്ല തുടങ്ങിയ വാദഗതികള്‍ ഉയര്‍ത്തിയായിരുന്നു തടസ്സവാദങ്ങള്‍. സംവിധായകന്‍ ഉള്‍പ്പെടെ എല്ലാവരും മാറണം എന്നായിരുന്നു തൊഴിലാളി യൂണിയന്‍ പരോക്ഷമായി നിര്‍ദ്ദേശിച്ചത്‌. ``വളരെ പാഷനോടുകൂടിയാണ്‌ സിനിമയിലേക്ക്‌ ഞങ്ങള്‍ എത്തുന്നത്‌. മാത്രവുമല്ല അതിന്‌ വ്യക്തമായ രാഷ്‌ട്രീയമുണ്ട്‌. ആ പൊളിറ്റിക്‌സ്‌ നമ്മുടെ സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്‌. അത്‌ ജനങ്ങള്‍ ഇഷ്‌ടപ്പെടുന്ന ഒരു മാധ്യമത്തിലൂടെ പുറത്തേക്ക്‌ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ട്രേഡ്‌യൂണിയന്‍ മനോഭാവത്തോടെ സമീപിക്കുന്നത്‌ വേദനാജനകമാണ്‌. '' അജയന്‍ പറയുന്നു. ``മാക്‌ട പോലുള്ള സംഘടനകള്‍ ഒരു വ്യവസായം എന്ന നിലയില്‍ സിനിമയുടെ നിലനില്‍പ്പിന്‌ സഹായകമായേക്കാം. പക്ഷേ സര്‍ഗ്ഗാത്മകമായ രീതിയില്‍ അല്ലെങ്കില്‍ വളരെ റിബലായ രീതിയില്‍ സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌, സമാന്തരമായ സിനിമാസങ്കല്‍പങ്ങളുമായി വരുന്ന എന്നെപ്പോലുള്ളവര്‍ക്ക്‌ മാക്‌ട പോലെയുള്ള പ്രസ്ഥാനങ്ങള്‍ തടസ്സമായാണ്‌ നില്‍ക്കുന്നത്‌. ജോണിന്റെയും അരവിന്ദന്റെയുമൊക്കെ സിനിമകള്‍ കണ്ട്‌ ആ മൂല്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട്‌ ജനകീയമായ രീതിയില്‍ സിനിമ ചെയ്യാന്‍ മുന്നോട്ടുവരുമ്പോള്‍ മാക്‌ട മെമ്പര്‍ഷിപ്പും കനത്ത മെമ്പര്‍ഷിപ്പ്‌ തുകയുമൊക്കെയായി പ്രതിബന്ധം സൃഷ്‌ടിക്കുന്നു. നിങ്ങള്‍ക്ക്‌ മാക്‌ടയില്‍ മെമ്പര്‍ഷിപ്പുണ്ടോ, ഇല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ സിനിമ ചെയ്യാനാവില്ല എന്നാണവര്‍ പറയുന്നത്‌. ഇത്‌ ഭീഷണിയുടെ സ്വരത്തിലാണ്‌ വരുന്നത്‌. ഭീഷണി ഉയരുന്നത്‌ പലപ്പോഴും മാക്‌ടയുടെ നേതൃത്വത്തില്‍ നിന്നല്ല. ചിലപ്പോള്‍ ക്യാമറാമാന്‍ ആവാം, അല്ലെങ്കില്‍ മേയ്‌ക്കപ്‌ മാന്‍മാരാവാം അതുമല്ലെങ്കില്‍ മറ്റു ചിലര്‍.... എനിക്കുതോന്നിയത്‌ ക്രിയേറ്റീവ്‌ ആയി ചെയ്യാന്‍ അവരുടെ കയ്യില്‍ ഒന്നുമില്ലാത്തതിന്റെ ഭീതിയാണ്‌ ഭീഷണിയുടെ സ്വരം സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നതെന്നാണ്‌. മാക്‌ടയുടെ മെമ്പര്‍ഷിപ്പ്‌ ഉണ്ടെങ്കില്‍ ആര്‍ക്കും സിനിമയെടുക്കാം, പക്ഷേ എന്നെപ്പോലുള്ളവര്‍ക്ക്‌ കൃത്യമായ പ്രൊഡ്യൂസര്‍ പോലുമില്ല. ഞാന്‍ സിനിമ ചെയ്യുന്നത്‌ എന്റെ സുഹൃത്തുക്കളും ഈ വിഷയുമായി താല്‍പര്യമുള്ളവരുമൊക്കെ ഒന്നുചേര്‍ന്നുകൊണ്ടുള്ള ഒരു ശ്രമമാണ്‌. പത്തോ ഇരുപതോ ലക്ഷം സ്വരുക്കൂട്ടിയെടുക്കുന്ന സിനിമ. ഇത്തരം സിനിമകളാണ്‌ എല്ലാക്കാലത്തും മലയാള സിനിമയെയും ഭാഷയെയും ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്‌. ഇത്തരം ശ്രമങ്ങളെയും തീക്ഷ്‌ണമായ സ്വപ്‌നങ്ങളെയും നശിപ്പിച്ചുകളയുന്ന ഒരു പ്രവണതയാണ്‌ മാക്‌ട പോലുള്ള സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌.''സമാന്തരവും സ്വതന്ത്രവുമായ സിനിമാ പ്രവര്‍ത്തനങ്ങളേയും ശ്രമങ്ങളേയും ബാധിക്കുന്ന രീതിയിലേക്ക്‌ മാക്‌ടയുടെ ട്രേഡ്‌യൂണിയനിസം അവകാശ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ സിനിമയുടെ വ്യത്യസ്‌തമായ ധാരകളെ അത്‌ തടയുന്നു. വ്യവസായത്തെയും അതിന്റെ രീതികളെയും മാനദണ്ഡങ്ങളെയും മാത്രമല്ല, സിനിമ എന്ന മാധ്യമത്തെക്കൂടി സ്വന്തം നിര്‍വ്വചനങ്ങള്‍ക്കകത്തേക്ക്‌ ചുരുക്കാനുള്ള ശ്രമം കൂടി ഇവിടെ വെളിപ്പെടുകയാണ്‌. മൂലധന കേന്ദ്രിതമായ ഒരു വ്യവസായത്തെ സാധ്യമാക്കുന്ന ഇടം എന്ന നിലയ്‌ക്ക്‌ മാത്രമാണ്‌ സിനിമാനിര്‍മ്മാണത്തെ മാക്‌ട സമീപിക്കുന്നത്‌. ലാഭം ലക്ഷ്യം വെയ്‌ക്കുന്ന ഒരു ഉല്‍പന്നം മാത്രമായി സിനിമ മാറുകയും ചെയ്യുന്നു. ട്രേഡ്‌ യൂണിയനിസത്തിലേക്ക്‌ പ്രവേശിക്കുന്ന ഒരു തൊഴില്‍ മേഖലയുടെ ആന്തരസംഘര്‍ഷങ്ങളെ മാത്രമേ അത്‌ അഭിസംബോധന ചെയ്യുന്നുള്ളു. മറ്റെല്ലാത്തരം വ്യത്യസ്‌തതകളേയും ഇത്‌ നിരാകരിക്കുകയും ചെയ്യുന്നു. ``ഇവിടുത്തെ മധ്യവര്‍ഗ്ഗ സിനിമ ഒരു വീഗാലാന്റ്‌ സംസ്‌കാരമാണ്‌ മുന്നോട്ടുവെയ്‌ക്കുന്നത്‌. അവിടെ ചെന്നാല്‍ ഒന്ന്‌ കുളിക്കണം, നീന്തണം, കളിക്കണം ആഘോഷിക്കണം, പാട്ടുപാടി നൃത്തം വെയ്‌ക്കണം. ഈ ബഹളങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയില്‍ ഞാന്‍ മനസ്സിലാക്കിയതും ഞാന്‍ കണ്ടുശീലിച്ചതും എന്റെ മനസ്സിലുള്ളതുമായ സിനിമ ചെയ്യാന്‍ ഞാന്‍ ഇറങ്ങിത്തിരിക്കുന്നു. സിനിമ എന്ന കലാരൂപത്തിന്‌ കഥകളിപോലെത്തന്നെ, നാടകം പോലെത്തന്നെ ഒരു ഒറിജിനാലിറ്റി ഉണ്ട്‌. അത്‌ മാസ്റ്റേഴ്‌സിന്റെ സിനിമകളില്‍ നാം കണ്ടെത്തിയിട്ടുള്ള യാഥാര്‍ത്ഥ്യമാണ്‌. അത്തരം സിനിമകളെ റോള്‍ മോഡലായി നിര്‍ത്തിക്കൊണ്ട്‌ കേരളത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക്‌ ഇവിടെ നിന്ന്‌ വളരെ നെഗറ്റീവ്‌ ആയ പ്രതികരണമാണ്‌ കിട്ടിക്കൊണ്ടിരിക്കുന്നത്‌. ഇത്തരം സിനിമകള്‍ കാണാന്‍ ആരെക്കിട്ടും എന്ന പ്രതികരണമാണ്‌ ആദ്യം ലഭിക്കുക. പക്ഷേ, നാടകരംഗത്ത്‌ പ്രവര്‍ത്തിച്ചതിന്റെ കരുത്ത്‌ ഉള്ളിലുള്ളതുകൊണ്ട്‌ ഇതിനെ പ്രതിരോധിക്കാന്‍ എനിക്ക്‌ കഴിയും. ഇത്‌ മധ്യവര്‍ഗ്ഗ സിനിമാക്കാര്‍ ജനങ്ങളെക്കുറിച്ച്‌ ഉണ്ടാക്കിവെച്ചിരിക്കുന്ന ഒരു വികലമായ മുന്‍വിധിയാണ്‌. നമ്മുടെ തെരുവില്‍ പണിയെടുക്കുന്നവരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഉള്ളില്‍ പസ്സോളിനിയും ഗൊദാര്‍ദ്ദും കുറാസോവയും ഒക്കെയുണ്ടെന്ന്‌ ഇവര്‍ അറിയുന്നില്ല. ഗ്രാമങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കപ്പെടുന്ന ഫിലിം ഫെസ്റ്റിവലുകളില്‍ സിനിമ ആസ്വദിക്കാനെത്തുവരില്‍ ഭൂരിഭാഗവും ഈ സാധാരണക്കാര്‍ തന്നെയാണെന്ന്‌ ഇവര്‍ തിരിച്ചറിയുന്നില്ല. എന്നാല്‍ സിനിമയെ കൊമേഴ്‌സ്യല്‍ തലത്തില്‍ നിന്ന്‌ മാത്രം ചിന്തിക്കുന്നവര്‍ക്ക്‌ ഈ പ്രേക്ഷകരെ അഭിസംബോധന ചെയ്യാന്‍ കഴിയുന്നില്ല. ഇതിന്റെയൊക്കെ ഭാഗമായിട്ടാണ്‌ മാക്‌ട പോലുള്ള സംഘടനകള്‍ വെച്ച്‌ അവര്‍ക്ക്‌ ഇങ്ങനെയൊരു കളി കളിക്കേണ്ടി വരുന്നത്‌.'' അജയന്‍ അഭിപ്രായപ്പെടുന്നു. മാക്‌ട മുന്നോട്ടുവെക്കുന്ന നിബന്ധനകളെക്കുറിച്ച്‌ വളരെ വ്യത്യസ്‌തമായ നിലപാടാണ്‌ ദേശീയ അവാര്‍ഡ്‌ ജേതാവായ ഫിലിം എഡിറ്റര്‍ ബി അജിത്‌ കുമാര്‍ പങ്കുവെക്കുന്നത്‌. ``സിനിമ നിര്‍മ്മിക്കുന്നതിനോ റിലീസ്‌ ചെയ്യുന്നതിനോ യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടാകാന്‍ പാടില്ല. അതിലുപരിയായി, നമ്മുടെ സിനിമയുടെ അഭിവൃദ്ധിക്കായി പുതിയ പ്രതിഭകളെയും ആശയങ്ങളേയും പ്രോത്സാഹിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ്‌ ഉണ്ടാവേണ്ടത്‌. യൂണിയന്‍ മെമ്പര്‍ഷിപ്പിന്‌ വേണ്ടി ഔദ്യോഗികമായ ഒരു അപ്രന്റിസ്‌ഷിപ്പ്‌ നിര്‍ബന്ധമാക്കുകയല്ല വേണ്ടത്‌. ഒരാള്‍ക്ക്‌ സിനിമ ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍, അല്ലെങ്കില്‍ ഒരാള്‍ക്ക്‌ സിനിമ ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അയാള്‍ മെമ്പര്‍ഷിപ്പിന്‌ അര്‍ഹനായിരിക്കണം. ഓഡിയോ വിഷ്വല്‍ ഇമേജിങ്‌ രംഗം ഇത്തരം മാനദണ്ഡങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാത്ത വിധം അങ്ങേയറ്റം ജനാധിപത്യവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. നിങ്ങളുടെ മൊബൈലില്‍ പോലും സിനിമ നിര്‍മ്മിക്കാവുന്ന കാലമാണിത്‌. പ്രതിഭയുള്ളവര്‍ അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വഴികള്‍ സ്വയം കണ്ടെത്തുക തന്നെ ചെയ്യും. പുതിയ ടെകനീഷ്യന്‍മാരും ചലച്ചിത്രകാരന്‌മാരും കഴിവുള്ളവരാണോ എന്നത്‌ അവരുടെ സൃഷ്‌ടികള്‍ തന്നെ തെളിയിക്കട്ടെ. യൂണിയനുകളും പ്രൊഫഷണല്‍ സംഘടനകളും തൊഴിലാളികളുടെയും പ്രൊഫഷണലുകളുടെയും ശക്തിയാണ്‌ പ്രകടിപ്പിക്കേണ്ടത്‌. മറിച്ച്‌ അവരുടെ ദൗര്‍ബല്യങ്ങളും പ്രൊഫഷണല്‍ അരക്ഷിതത്വവുമല്ല.'' മാക്‌ടയുടെ ആന്തരിക സംഘര്‍ഷങ്ങള്‍ `വ്യവസായ'ത്തിന്‌ അകത്തും പുറത്തുമായി സിനിമകളെ സങ്കല്‍പ്പിക്കുകയും വ്യത്യസ്‌തതകളെ അഭിമുഖീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നതുപോലെ തന്നെ അവകാശങ്ങളുടെ കാര്യത്തിലും അവകാശങ്ങള്‍ നേടിയെടുക്കുന്ന കാര്യത്തിലും ഇരട്ട സമീപനം സ്വീകരിക്കുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ്‌ സിനിമകളിലൊന്നായ മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്തിന്റെ അനുഭവം ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. മണിച്ചിത്രത്താഴിന്റെ കഥ വിവിധ ഭാഷകളില്‍ സിനിമയായി. എല്ലാം വന്‍ ഹിറ്റുകളുമായിരുന്നു. എന്നാല്‍ അതിന്റെ കഥാകൃത്തായ മധുമുട്ടത്തിന്‌ ഒരു പ്രയോജനവും കിട്ടിയില്ല. പകര്‍പ്പവകാശം വാങ്ങാതെയാണ്‌ സിനിമയുടെ കഥ വില്‍പ്പന നടത്തിയതെന്നും കഥാകൃത്തിന്റെ അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട്‌ മധുമുട്ടം കോടതിയെ സമീപിച്ചു. പ്രമുഖ സംവിധായകരായ ഫാസിലും പ്രിയദര്‍ശനുമായിരുന്നു എതിര്‍ കക്ഷികള്‍. സ്വാഭാവികമായും മാക്‌ട കേസില്‍നിന്നും തന്ത്രപരമായ അകലം പാലിച്ചു. ``മണിച്ചിത്രത്താഴിന്റെ പകര്‍പ്പവകാശത്തെ സംബന്ധിക്കുന്ന കേസ്‌ ആരംഭിക്കുന്ന കാലത്ത്‌ ഞാന്‍ മാക്‌ടയില്‍ അംഗമായിരുന്നില്ല. ഈ കേസുമായി ബന്ധപ്പെട്ട്‌ മാക്‌ട എപ്പോഴെങ്കിലും ഇടപെട്ടതായി എനിക്കറിയില്ല. വളരെ അടുത്ത കാലത്ത്‌ ഞാന്‍ മാക്‌ട റൈറ്റേഴ്‌സ്‌ യൂണിയനില്‍ അംഗത്വമെടുത്തു. എഴുത്തുകാരന്റെ അവകാശങ്ങള്‍ പരമാവധി സംരക്ഷിക്കുക എന്നതാണ്‌ യൂണിന്റെ ലക്ഷ്യമെന്നും എന്റെ കേസ്‌ അതിന്‌ ഒരു കാരണമാണെന്നുമൊക്കെ്‌ പൊതുയോഗത്തില്‍ പലരും പറഞ്ഞു. അതിലപ്പുറം ഒന്നും സംഭവിച്ചിട്ടില്ല.'' സെല്ലുലോയ്‌ഡില്‍ പതിയുന്ന ഉല്‍പ്പന്നത്തിന്‌ മാത്രമാണ്‌ സിനിമയുടെ നിര്‍മ്മാതാവിന്‌ അവകാശം. കഥയും തിരക്കഥയുമെല്ലാം എഴുത്തുകാര്‍ക്ക്‌ അവകാശപ്പെട്ടതാണെന്നാണ്‌ പകര്‍പ്പവകാശ നിയമത്തിന്റെ കാതല്‍. എന്നാല്‍ മാക്‌ട റൈറ്റേഴ്‌സ്‌ യൂണിയന്‍ ഇക്കാര്യത്തില്‍ പുതിയ സമീപനമാണ്‌ മുന്നോട്ട്‌ വെക്കുന്നത്‌. മറ്റ്‌ ഭാഷകളിലേക്ക്‌ കഥ വില്‍ക്കുമ്പോള്‍ പ്രതിഫലത്തിന്റെ അമ്പത്‌ ശതമാനം എഴുത്തുകാരനും അമ്പത്‌ ശതമാനം നിര്‍മ്മാതാവിനുമുള്ളതാവണംഎന്നാണ്‌ ഈ സമീപനം. മൂലധന കേന്ദ്രിതമായ ഇത്തരം സമവായങ്ങള്‍ എഴുത്തുകാരുടെ അവകാശങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതും നിയമപരമായി നിലനില്‍ക്കാത്തതുമാണ്‌. എന്നാല്‍ മാക്‌ട അംഗത്വത്തിനുവേണ്ടി ഈ നിര്‍ദ്ദേശങ്ങള്‍ക്ക്‌ എഴുത്തുകാര്‍ക്ക്‌ വഴിപ്പെടേണ്ടിവരുന്നു. എഴുത്തുകാരുടെ അവകാശത്തിനുവേണ്ടി നിലകൊള്ളുമെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ പോലും മാക്‌ട അംഗമല്ലാത്ത പുതിയ എഴുത്തുകാരുടെ കാര്യത്തില്‍ വളരെ വിചിത്രമായ നിലപാടാണ്‌ യൂണിയന്‍ പിന്തുടര്‍ന്നുപോരുന്നത്‌. കഥാകൃത്തിന്‌ അംഗത്വമില്ലെങ്കില്‍ അയാള്‍ക്ക്‌ അര്‍ഹമായ ക്രെഡിറ്റോ പ്രതിഫലമോ നല്‍കാന്‍ വിസമ്മതിക്കുന്ന യൂണിയന്‍ അവകാശങ്ങളേക്കാള്‍ `വ്യവസായിക' താല്‌പര്യത്തിന്‌ കീഴടങ്ങുകയാണ്‌.
മാധ്യമം ആഴ്‌ചപ്പതിപ്പ്‌, തിങ്കള്‍, ഏപ്രില്‍, 28, 2008

2 comments:

Rajeend U R said...

ഇന്നല്ലെങ്കില്‍ നാളെ പുതിയൊരു യൂണിയന്‍ വന്നേക്കാം. അപ്പോള്‍ ഇതേ മക്‍ട തന്നെ ആളെപ്പിടിക്കാന്‍ അങ്ങോട്ടു പൈസ നല്‍കി മെമ്പര്‍ഷിപ്പ് നല്‍കുന്നതും കാണും...
ഇതൊക്കെ ഒരു ചൂഷണം അല്ലെങ്കില്‍ മുതലെടുപ്പല്ലേ....

Roby said...

ജയന്റെ ബ്ലോഗ് ഇന്നാണു കാണുന്നത്. സന്തോഷം.

ബോധി പൂര്‍ത്തിയായോ?
ഫീച്ചര്‍ ഫിലിമിനു മാത്രമേ ഈ നിബന്ധനകള്‍ ബാധകമാകുന്നുള്ളോ? അതോ ഷോര്‍ട്ട് ഫിലിമുകള്‍ക്കും ബാധകമാണോ?

മലയാളത്തിലെ ഇന്നുള്ള സമാന്തരസിനിമാപ്രവര്‍ത്തകര്‍, ടി.വി.ചന്ദ്രനും അടൂ‍രും പ്രിയനന്ദനനും ശരത്തുമൊക്കെ മാക്ടയില്‍ അംഗങ്ങളാണോ? അവര്‍ക്ക് ഇക്കാര്യത്തിലുള്ള നിലപാടെന്താണെന്ന് അറിയുമോ?