Friday, July 18, 2008

an article related to indiavision


ഇന്ത്യാവിഷന്‍ ആരെയാണ്‌ ഭയക്കുന്നത്‌?


കുഞ്ഞാലിക്കുട്ടി-നികേഷ്‌ കുമാര്‍ മുഖാമുഖം നല്‍കുന്ന മാധ്യമപാഠങ്ങള്‍


കെ പി ജയകുമാര്‍, കെ ആര്‍ രണ്‍ജിത്ത്‌

ഏതാനും ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ ഇന്ത്യാവിഷന്റെ മുഖാമുഖം പരിപാടിയില്‍ മുസ്ലിം ലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടിയുമായി എം വി നികേഷ്‌കുമാര്‍ നടത്തിയ അഭിമുഖം രണ്ടു ഭാഗങ്ങളിലായി പ്രക്ഷേപണം ചെയ്‌തു. മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ രണ്ടു ലക്കങ്ങളില്‍ പിന്നീടത്‌ അച്ചടിക്കപ്പെട്ടു. കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തെ സംബന്ധിക്കുന്ന ഗൗരവമായ ഒരന്വേഷണത്തിലേയ്‌ക്കാണ്‌ ഇത്‌ വഴിതുറക്കുന്നത്‌.

``ബീറ്റ്‌ റിപ്പോര്‍ട്ടര്‍മാരെ കൈകാര്യം ചെയ്‌തു ശീലിച്ച രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെ ഉണ്ടായ മാറ്റം പിടികിട്ടിയിരുന്നില്ല. അല്ലെങ്കില്‍ പിടികിട്ടിയിട്ടില്ല. മറ്റേതൊരു മേഖലയേക്കാളും അധ്വാനവും ശ്രദ്ധയും ആവശ്യമായ രംഗമാണിത്‌. ഗൂഢാലോചനയ്‌ക്കും ഉപജാപത്തിനും ഇവിടെ സമയമില്ല.''
``ഇപ്പോഴുള്ള തലമുറയെ അപ്രസക്തരാക്കി പുതിയ മറ്റൊരു തലമുറ കൂടി ഉടന്‍ വരാനുണ്ട്‌. അവര്‍ക്കുള്ള ഒരു അധ്യായമാണ്‌ റജീനയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകളും വര്‍ഷങ്ങള്‍ക്കുശേഷമുള്ള എതിര്‍വികാരവും. '' എം വി നികേഷ്‌ കുമാര്‍, മാധ്യമം ആഴ്‌ചപ്പതിപ്പ്‌, ജൂണ്‍ 2008.

എന്താണ്‌ മാധ്യമവിദ്യാര്‍ത്ഥികള്‍ക്ക്‌ റെജീനയുടെ വെളിപ്പെടുത്തല്‍ നല്‍കുന്ന പാഠങ്ങള്‍? നികേഷ്‌ കുമാര്‍ തന്ത്രപൂര്‍വ്വം വിശദീകരണം ഒഴിവാക്കുന്നു. അടുത്ത വാചകത്തില്‍ ഇങ്ങനെ പറയുന്നു. ``അടുത്ത നിമിഷത്തില്‍ വരാനുള്ള വാര്‍ത്തകളിലേക്ക്‌ മാത്രമാണ്‌ ഞങ്ങള്‍ ഉറ്റുനോക്കുന്നത്‌.'' എം വി നികേഷ്‌ കുമാര്‍, മാധ്യമം ആഴ്‌ചപ്പതിപ്പ്‌, ജൂണ്‍ 2008.
ഈ വാചകങ്ങള്‍ മറ്റൊരു വിധത്തിലാണ്‌ വായിക്കപ്പെടേണ്ടത്‌. കുഞ്ഞാലിക്കുട്ടി സാഹിബ്‌ പണ്ടുള്ള എതിര്‍ വികാരം മാറ്റുകയും പുതിയ വികാരവായ്‌പുകളോടെ ഇന്ത്യാവിഷനെ സ്വീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ നമുക്ക്‌ വരാനുള്ള വാര്‍ത്തകളിലേക്ക്‌ മാത്രം ഉറ്റുനോക്കാം. പഴയതെല്ലാം മറക്കാം.
ഇത്‌ ഒരു മാധ്യമപ്രവര്‍ത്തകനും വിവാദരാഷ്‌ട്രീയ നായകനും തമ്മിലുള്ള അഭിമുഖമല്ല, ഇന്ത്യാവിഷന്‍ ചാനല്‍ എന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ്‌ എഡിറ്ററും സി ഇ ഒയും ഒരുകാലത്ത്‌ ഇന്ത്യാവിഷന്റെ ഷെയര്‍ഹോള്‍ഡേഴ്‌സിനെ പിന്തിരിപ്പിച്ച രാഷ്‌ട്രീയ ശക്തിദുര്‍ഗവുമായുള്ള ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയാണ്‌. കഴിഞ്ഞതെല്ലാം മറന്ന്‌ നമുക്ക്‌ പുതിയ തലമുറ മാധ്യമപ്രവര്‍ത്തകരെ പരിചയപ്പെടാം എന്ന്‌ ചിരിച്ചുകൊണ്ട്‌ നികേഷ്‌ കുഞ്ഞാലിക്കുട്ടിയെ ഹാര്‍ദ്ദ
പരസ്യമായി ഒരു മാധ്യമസ്ഥാപനം ഒരു പൊളിറ്റിക്കല്‍ കിങ്ങ്‌ മേക്കറിന്‌ അടിയറവ്‌ പറയുന്നതിന്റെ ഡോക്യുമെന്ററിയാണ്‌ നികേഷ്‌ കുമാര്‍-കുഞ്ഞാലിക്കുട്ടി ചര്‍ച്ച.
കുഞ്ഞാലിക്കുട്ടിയുമായി കോട്ടയ്‌ക്കല്‍ ടി ബി യില്‍ വെച്ച്‌ നടന്ന സംസാരം സന്തോഷം തരുന്ന അനുഭവമായിരുന്നുവെന്ന്‌ നികേഷ്‌ കുമാര്‍. `വാര്‍ത്തയിലേക്ക്‌ തിരിച്ചുവെച്ച സ്‌പന്ദമാപിനികള്‍ എന്ന നിലയില്‍ മാത്രമാണ്‌ രാഷ്‌ട്രീയക്കാര്‍ ഇപ്പോള്‍ ഞങ്ങളെ കാണുന്നത്‌ എന്നതാണ്‌ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്‌. അതുതന്നെ സത്യവും. അതവര്‍ തിരിച്ചറിഞ്ഞതാണ്‌ സന്തോഷത്തിന്‌ കാരണം.' എന്ന്‌ പ്രകാശം.
വളരെ നിര്‍ദ്ദോഷമായി ഒരു രാഷ്‌ട്രീയ നേതാവിനോട്‌ സംസാരിക്കുന്നു. അത്‌ സ്വന്തം മാധ്യമം ശ്രദ്ധിക്കാത്തവര്‍ കൂടി കണ്ട്‌ മനസ്സിലാക്കട്ടെ എന്ന്‌ കരുതി മാധ്യമം വാരികയ്‌ക്കും നല്‍കുന്നു. കുഞ്ഞാലിക്കുട്ടിയുടെ ആ അഭിമുഖത്തിന്റെ അടിയന്തരമായ രാഷ്‌ട്രീയ സാഹചര്യം എന്തായിരുന്നു എന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ `വരാനുള്ള വാര്‍ത്തകളുടെ' ഗുട്ടന്‍സാണ്‌ അതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന്‌ ബോധ്യം വരിക. തങ്ങള്‍ക്കെതിരെ ആര്യാടന്മാര്‍ പരസ്യമായി ആരോപണമുന്നയിച്ച സാഹചര്യത്തിലാണ്‌ അഭിമുഖം എന്ന്‌ ആദ്യഘട്ടത്തിലെ ചോദ്യങ്ങള്‍ വ്യക്തമാക്കുന്നു. ഇനി തങ്ങളില്‍ നിന്ന്‌ വാര്‍ത്തകള്‍ വരാനില്ല എന്നതുകൊണ്ടാണോ എന്നറിയില്ല, നികേഷ്‌ കുമാര്‍ റെജീനാ വിവാദങ്ങള്‍ക്ക്‌ ഏറെ നാളുകള്‍ക്ക്‌ ശേഷം ലീഗില്‍ വീണ്ടും പുലിക്കുട്ടിയായി ഉയര്‍ന്നുവന്ന കുഞ്ഞാലിക്കുട്ടിയെ കോട്ടയ്‌ക്കല്‍ ടി ബി യില്‍ പോയി കണ്ടത്‌.
റെജീനയുടെ വെളിപ്പെടുത്തല്‍ നികേഷ്‌ കുമാറിനും ഇന്ത്യാവിഷനും ഉണ്ടാക്കിക്കൊടുത്ത മൈലേജ്‌ അപാരമായിരുന്നു. നികേഷ്‌ കുമാറിനെയും മുനീറിനേയും യഥാക്രമം കേസരി ബാലകൃഷ്‌ണപിള്ളയോടും വക്കം മൗലവിയോടുമാണ്‌ ഡോ. സെബാസ്റ്റ്യന്‍ പോള്‍ എം പി വിശേഷിപ്പിച്ചത്‌. അഭിനവ കേസരിയായി നികേഷ്‌ ഇന്നും മാധ്യമങ്ങളില്‍ പലരൂപത്തില്‍ പുകഴ്‌ത്തപ്പെടുകയും ചെയ്യുന്നുമുണ്ട്‌. ബ്രിട്ടാസ്‌-ഫാരിസ്‌ അബൂബക്കര്‍ അഭിമുഖത്തിന്‌ ശേഷം മനോരമാ വിഷനില്‍ നടന്ന ഒരു ചര്‍ച്ചയില്‍ നികേഷും ജോണ്‍ബ്രിട്ടാസും മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍ ജേര്‍ണലിസ്റ്റിന്റെ കമിറ്റ്‌മെന്റിനെക്കുറിച്ച്‌ നികേഷ്‌ പറയുന്ന വാക്കുകള്‍കേട്ട്‌ മാധ്യമ കേരളം പിന്നെയും കോരിത്തരിച്ചുപോയിട്ടുണ്ട്‌.
``അതൊരു മീഡിയാ സ്വാതന്ത്ര്യം തന്നെയെന്ന്‌ ഇപ്പോള്‍ ഞാന്‍ വിചാരിക്കുന്നു. ഇന്ത്യാ വിഷനോടുള്ള സമീപനത്തില്‍ ഞാന്‍ മാറ്റം വരുത്തിയല്ലോ. എന്റെ വികാരം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. ഇന്ത്യാ വിഷന്‍ നന്നാവട്ടെ, ഉഷാറാവട്ടെ....'' എന്ന്‌ അഭിമുഖത്തില്‍ കുഞ്ഞാലിക്കുട്ടി സാഹിബ്‌ ഒത്തുതീര്‍പ്പില്‍ സന്തുഷ്‌ടി പ്രകടിപ്പിക്കുന്നുണ്ട്‌. `കുഞ്ഞാലിക്കുട്ടി ഇന്ത്യാവിഷന്റെ മിത്രമാണ്‌' എന്ന്‌ നികേഷ്‌ കുമാര്‍ തിരിച്ചും പറയുന്നു. അവര്‍ തമ്മില്‍ രാജിയായിരിക്കുന്നു. എങ്കില്‍ ആ വാര്‍ത്ത/സംഭവം നിലനില്‍ക്കുകയില്ലേ? എന്നതാണ്‌ ചോദ്യം. ഇന്ത്യാവിഷന്‍ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ ആരംഭിക്കുകയും അവര്‍ തീരുമാനിക്കുമ്പോള്‍ അവസാനിക്കുകയും ചെയ്യുന്ന `നിര്‍മ്മിച്ചെടുത്ത' വാര്‍ത്തയായിരുന്നോ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉന്നയിക്കപ്പെട്ട റജീനയുടെ വെളിപ്പെടുത്തല്‍? അല്ലെങ്കില്‍ ഒരഭിമുഖത്തോടെ നികേഷ്‌കുമാര്‍ പറയുംപോലെ `എതിര്‍വികാര'ത്തിനുള്ള അവസരമൊരുക്കി പത്രാധിപര്‍ `മോക്ഷം' കൊടുക്കുന്നതോടുകൂടി അവസാനിക്കുന്നതാണോ ചരിത്രത്തില്‍ ഒരു വാര്‍ത്തയുടെ സ്ഥാനം? വരുംതലമുറ ഏതുരീതിയാണ്‌ ഈ മാധ്യമ സംഭവത്തെ വായിക്കേണ്ടത്‌? ഈ ചോദ്യത്തിനുള്ള ഉത്തരം മാധ്യമരംഗത്തെ വലിയൊരു ഉപജാപത്തിന്റെ ചരിത്രമാണ്‌ അനാവരണം ചെയ്യുന്നത്‌. അത്‌ ആരംഭിക്കുന്നത്‌ കൈരളിയിലാണെങ്കില്‍ അതിന്റെ ഒരു ഘട്ടം ഇപ്പോള്‍ അവസാനിക്കുന്നത്‌ ഇന്ത്യാവിഷനിലാണ്‌. ചില മാധ്യമപ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തകരുടെയും ഓര്‍മ്മകളും വെളിപ്പെടുത്തലുകളും ചേര്‍ത്തുവെച്ചുകൊണ്ടാണ്‌, `ഗൂഢാലോചനയ്‌ക്കും ഉപജാപത്തിനും സമയമില്ലാത്ത' മാധ്യമലോകത്തിന്റെ കാര്‍പ്പറ്റ്‌ ഉയര്‍ത്തിനോക്കാന്‍ പൊതുസമൂഹം നിര്‍ബന്ധിതരാകുന്നത്‌.
1995-96 കാലത്താണ്‌ കോഴിക്കോട്‌ ബീച്ചിനടുത്ത്‌ ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച്‌ വ്യാപകമായി പെണ്‍വാണിഭം നടക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്‌. അന്ന്‌ എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി, പികെ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയും. 1998ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്നകാലത്ത്‌ ഐസ്‌ ക്രീം പെണ്‍വാണിഭം അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ അജിത മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി. അതിനെത്തുടര്‍ന്നാണ്‌ മുടങ്ങിക്കിടന്ന കേസ്‌ വീണ്ടും സജീവമാകുന്നത്‌. കേസ്‌ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരെ പീഡനത്തിനിരയായ അഞ്ച്‌ പെണ്‍കുട്ടികള്‍ മൊഴി നല്‍കി. എന്നാല്‍ പ്രതിപ്പട്ടികയില്‍ നിന്നും കുഞ്ഞാലിക്കുട്ടി ഒഴിവാക്കപ്പെടുകയും അദ്ദേഹത്തിന്റെ ഡ്രൈവര്‍ അരവിന്ദനെ ഉള്‍പ്പെടുത്തി കേസ്‌ മുന്നോട്ടു നീങ്ങുകയുമാണ്‌ ചെയ്‌തത്‌. പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറല്‍ കല്ലറ സുകുമാരന്‍ കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ട്‌ റിപ്പോര്‍ട്ട്‌ നല്‍കി. അന്ന്‌ അഡ്വക്കേറ്റ്‌ ജനറലായിരുന്ന ദാമോദരന്‍ മറ്റൊരു നിയമോപദേശം നല്‍കിയാണ്‌ കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചത്‌. ഇതാണ്‌ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തിന്റെ ചുരുക്കം.
`തെളിവുകള്‍ ഇല്ലാത്തതുകൊണ്ട്‌' മാത്രമാണ്‌ കുഞ്ഞാലിക്കുട്ടി പുലിക്കുട്ടിയായി ഇന്നും നടക്കുന്നത്‌. തെളിവുകള്‍ നശിപ്പിക്കുന്നതു വഴിയും തെളിവുകള്‍ മാഞ്ഞുപോകും എന്ന സത്യം പൊതുജനങ്ങള്‍ക്ക്‌ പൂര്‍ണമായി ബോധ്യപ്പെടുന്നതിന്‌ അഭയ കേസും ഐസ്‌ക്രീം കേസും നാനാവിധമാവേണ്ടിവന്നു. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതികളിലും തെളിവുമായ്‌ക്കല്‍ ദൗത്യങ്ങളിലുമായി ബോഫോഴ്‌സിനേക്കാള്‍ വലിയ സാമ്പത്തിക കുറ്റകൃത്യം നടന്നതായി അന്നത്തെ ഡി ജി പി ജേക്കബ്‌ പുന്നൂസ്‌ പത്രസമ്മേളനത്തില്‍ വിളിച്ചുപറയുക പോലുമുണ്ടായി. എന്നിട്ടും കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുണ്ടാക്കാന്‍ കഴിഞ്ഞില്ല. സി ബി ഐയെക്കൊണ്ടോ സേതുരാമയ്യരെക്കൊണ്ടോ അന്വേഷിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന്‌ ആരോപിക്കപ്പെട്ട ഒരു ബംഗ്ലാവ്‌ അപ്പടി ഒറ്റരാത്രികൊണ്ട്‌ അസ്ഥിവാരം കോരിയെടുത്തുകൊണ്ടുപോയ ചരിത്രമുണ്ട്‌ ഐസ്‌ ക്രീം കേസിന്റെ എഴുതപ്പെടാത്ത കേസ്‌ ഡയറികളില്‍. തെളിവെടുപ്പിന്‌ ആളെത്തുമ്പോള്‍ വീടു നിന്നിടത്ത്‌ പൂട പോലൂമില്ല! നികേഷ്‌ കുമാറുമായുള്ള അഭിമുഖത്തില്‍ കുഞ്ഞാലിക്കുട്ടി നിരപരാധി കളിക്കുന്നതു നോക്കുക. ``എനിക്കെതിരായി അവര്‍ക്ക്‌ വല്ല തെളിവ്‌ കിട്ടണ്ടേ? എന്നെപ്പോലെ പൊതുരംഗത്ത്‌ നില്‍ക്കുന്ന ആളാകുമ്പോള്‍ അതിന്റെ മാനങ്ങള്‍ വര്‍ദ്ധിക്കും എന്നല്ലാതെ അടിസ്ഥാനപരമായി ഈ പറയുന്ന ആരോപണത്തിന്‌ ഇതാ തെളിവ്‌ എന്ന്‌ പറയാന്‍ കഴിയേണ്ടേ?''
തെളിവുകള്‍ കോടതിയിലെത്താത്തതുകൊണ്ട്‌ മാത്രം ഒരു പൊതുപ്രവര്‍ത്തകനെ സ്വീകരിക്കാനുള്ള ബാധ്യത ജനങ്ങള്‍ക്കുമില്ല. കുഞ്ഞാലിക്കുട്ടിയുടെയും പി ജെ കുര്യന്റേയും തെരഞ്ഞെടുപ്പുതോല്‍വികള്‍ അതാണ്‌ വ്യക്തമാക്കുന്നത്‌. ജനകീയ സദസ്സുകളില്‍, അടിസ്ഥാന ജനാധിപത്യചര്‍ച്ചകള്‍ നടക്കുന്ന ചായക്കടകളിലെ വിചാരണകളില്‍ ഈ പൊതുപ്രവര്‍ത്തകര്‍ നിരന്തരം ശിക്ഷിക്കപ്പെടുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ മാധ്യമങ്ങള്‍ വഴിയുള്ള വെളുപ്പിക്കല്‍ പ്രസക്തമാവുന്നത്‌. മാധ്യമങ്ങള്‍ തകര്‍ത്ത ഇമേജ്‌ മാധ്യമങ്ങളിലൂടെ തിരിച്ചുപിടിക്കാനാണ്‌ ഇപ്പോഴത്തെ `എതിര്‍വികാര' പ്രകടനത്തിലൂടെ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്‌. കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കുന്ന തന്ത്രം.

കൈരളി ടി വിയുടെ നേരറിവുകള്‍

2001ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലം. അന്ന്‌ കൈരളി ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടേയുള്ളു. തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ പരിപാടികല്‍ തയ്യാറാക്കുന്നതിനായി കൈരളി പ്രധാനപ്പെട്ട റിപ്പോര്‍ട്ടര്‍മാരെ ചുമതലപ്പെടുത്തുന്നു. എം പി ബഷീറിനായിരുന്നു കോഴിക്കോടിന്റെ ചുമതല. കൈരളി ചാനലിനുവേണ്ടി ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തിന്റെ കഥ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ബഷീര്‍ തീരുമാനിക്കുന്നിടത്താണ്‌ മാധ്യമ ഗൂഢാലോചനയുടെ ആദ്യ ഘട്ടം ആരംഭിക്കുന്നത്‌.
എന്തായിരുന്നു ഐസ്‌ക്രീം കേസ്‌ റിപ്പോര്‍ട്ട്‌ ചെയ്യണമെന്ന്‌ തോന്നാന്‍ കാരണം?
``മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും പിന്നീട്‌ മറക്കപ്പെടുകയും ചെയ്‌ത കേസായിരുന്നു അത്‌. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുടെ പേരുകള്‍ അതുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തില്‍, അതില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക്‌ എന്തു സംഭവിച്ചുവെന്നും അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും അറിയാന്‍ താല്‌പര്യം തോന്നി. ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ ആ അന്വേഷണത്തില്‍ എനിക്ക്‌ അറിയാന്‍ കഴിഞ്ഞത്‌.'' എം പി ബഷീര്‍ പറയുന്നു.
``ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട്‌ അരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു പരിപാടി തയ്യാറാക്കലായിരുന്നു എന്റെ ഉദ്ദേശ്യം. അതിനായി പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍, എം കെ മുനീര്‍, കുഞ്ഞാലിക്കുട്ടി, ഇരകളായ പെണ്‍കുട്ടികളുടെ കുടുംബക്കാര്‍, ഐസ്‌ക്രീം പാര്‍ലര്‍ നടത്തിയിരുന്ന ശ്രീദേവി, സാക്ഷികളായ സ്‌ത്രീകള്‍, അന്വേഷി പ്രസിഡന്റ്‌ കെ അജിത എന്നിവരുടെ അഭിമുഖങ്ങള്‍ എടുത്തു. അരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ആ പരിപാടിയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ശക്തമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. കൈരളി പോലൊരു ചാനലിന്‌ എന്തായാലും വലിയ മൈലേജ്‌ ഉണ്ടാകാന്‍ ഇടയുള്ള വാര്‍ത്തയായിരുന്നു അത്‌. പക്ഷെ, ഞാന്‍ ചെയ്‌ത വാര്‍ത്ത ചാനല്‍ പ്രക്ഷേപണം ചെയ്‌തില്ല. `സമകാലികം' എന്ന വാര്‍ത്താ അധിഷ്‌ഠിത പരിപാടിയില്‍ ഒരു സെഗ്‌മെന്റില്‍ ഉള്‍പ്പെടുത്താനായി ഞാനത്‌ ചെറുതാക്കി വീണ്ടും അയച്ചു. അതും പുറം ലോകം കണ്ടില്ല. എങ്ങനെയെങ്കിലും ഈ വാര്‍ത്ത പുറത്തുവരാനായി അജിതയുടെ അഭിമുഖം മാത്രം എടുത്ത്‌ `വാക്കും പൊരുളും' എന്ന പരിപാടിയിലേക്ക്‌ നല്‍കി. അതും കൈരളി പ്രക്ഷേപണം ചെയ്‌തില്ല. ഒടുവില്‍ ന്യൂസ്‌ ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്താന്‍ ഒന്നര മിനിറ്റ്‌ വാര്‍ത്തയാക്കി നല്‍കി. അതും നിരസിക്കപ്പെട്ടു. പ്രതിപക്ഷത്തിരിക്കുന്ന ഒരാള്‍ക്കെതിരെ വ്യക്തിഹത്യ പാടില്ലെന്ന മഹത്തായ മാധ്യമധര്‍മ്മമായിരുന്നു, കാരണമായി അവര്‍ പറഞ്ഞത്‌. 2002ല്‍ ഞാന്‍ കൈരളി വിടുമ്പോള്‍ ആ വാര്‍ത്തയുടെ ടേപ്പുകള്‍ അന്വേഷിച്ച്‌ ലൈബ്രറിയില്‍ ചെന്നപ്പോള്‍, അവിടെ അങ്ങനെയൊരു സാധനമേയുണ്ടായിരുന്നില്ല.''
ഒരു സംഭവത്തെ റിപ്പോര്‍ട്ട്‌ ചെയ്യാതിരിക്കാം. എന്നാല്‍ ചരിത്രത്തില്‍നിന്നും അതിനെ എന്നെന്നേയ്‌ക്കുമായി മായ്‌ച്ചു കളയുന്നതിന്റെ (മാധ്യമ)ധര്‍മ്മം എന്തായിരിക്കും? അന്ന്‌ കൈരളിയുടെ ന്യൂസ്‌ ഡയറക്‌ടര്‍ എന്‍ പി ചേക്കുട്ടിയായിരുന്നു. കോയാ മുഹമ്മദും പ്രഭാവര്‍മ്മയുമായിരുന്നു അസിസ്റ്റന്റ്‌ ഡയറക്‌ടര്‍മാര്‍. എന്‍ പി ചേക്കുട്ടി ഇന്ന്‌ തേജസ്‌ ദിന പത്രത്തിന്റെ പത്രാധിപരാണ്‌. ചരിത്രത്തിന്റെ മറ്റേതെങ്കിലും ഘട്ടത്തില്‍ എന്തുകൊണ്ടാണ്‌ കൈരളിയുടെ കാര്‍പ്പറ്റിനടിയില്‍ ആ വാര്‍ത്ത ഞെരിഞ്ഞമര്‍ന്നതെന്ന്‌ അദ്ദേഹം വെളിപ്പെടുത്തുമെന്ന്‌ വിചാരിക്കുന്നു. ``തെരഞ്ഞെടുപ്പ്‌ അടുത്തുവരുന്ന ഘട്ടത്തില്‍ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ്‌ ആ സ്റ്റോറി ചെയ്യുന്നത്‌. അതെടുത്ത്‌ ഫയല്‍ ചെയ്‌തു എന്ന്‌ ഞാനറിഞ്ഞു. എന്നാല്‍ നേരില്‍ കാണുന്നതിന്‌ മുമ്പ്‌ ആ ഫയല്‍ മുഴുവന്‍ കൈരളിയില്‍ നിന്ന്‌ അപ്രത്യക്ഷമായി. പാര്‍ട്ടി തലത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടായതിനെത്തുടര്‍ന്നാണ്‌ അത്‌ സംഭവിച്ചത്‌ എന്നതില്‍ സംശയമില്ല.'' കൈരളിയില്‍ നിന്ന്‌ അദൃശ്യകരങ്ങള്‍ അപ്രത്യക്ഷമാക്കിയ ആ ന്യൂസ്‌ സ്റ്റോറിയെക്കുറിച്ച്‌ അന്ന്‌ കൈരളിയുടെ ന്യൂസ്‌ എഡിറ്ററായുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ രാജഗോപാല്‍ പറയുന്നു.
``കൈരളി ചാനലില്‍ ആ വാര്‍ത്ത ഒരിക്കലും വരാന്‍ വരാന്‍ പോകുന്നില്ല എന്ന്‌ ഞാന്‍ അന്നേ ബഷീറിനോട്‌ പറഞ്ഞിരുന്നു.'' 2001ല്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട്‌ കൈരളി ചാനലിന്‌ അഭിമുഖം നല്‍കിയതിനെപ്പറ്റി അജിത പറയുന്നു. ``എല്ലാ മാധ്യമങ്ങളും ഈ രീതിയിലാണ്‌ പിന്നീടും പ്രതികരിച്ചത്‌. 2004ല്‍ റെജീനയുടെ വെളിപ്പെടുത്തലുകള്‍ ഇന്ത്യാവിഷനില്‍ വന്നിട്ടും ഏഷ്യാനെറ്റ്‌ അത്‌ പൂഴ്‌ത്തിവെച്ചു. ഇപ്പോള്‍ ഇന്ത്യാവിഷനില്‍ വന്ന ഈ അഭിമുഖം അപകടകരമായ ഒരു ഒത്തുതീര്‍പ്പിന്റെ സന്ദേശമാണ്‌ നല്‍കുന്നത്‌. മാധ്യമങ്ങള്‍ എത്ര മറച്ചുവെച്ചാലും സത്യം ഒരിക്കല്‍ പുറത്തുവരും എന്നുതന്നെ നമുക്ക്‌ വിശ്വസിക്കാം.''
അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശിയുടെ പേരില്‍ ഉയര്‍ന്നുകേട്ട വിവാദങ്ങളുമായി കൈരളിയുടെ വാര്‍ത്താഹത്യയെ കൂട്ടിവായിക്കാം. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയായിരുന്നു അത്‌ സംഭവിച്ചത്‌. കുഞ്ഞാലിക്കുട്ടി കേസ്‌ ഒതുക്കുന്നതിന്‌ പി ശശി കോഴ വാങ്ങി എന്ന ആരോപണം ദേശാഭിമാനി കോഴക്കേസുപോലെ ഉത്തരം കിട്ടാതെ കിടക്കുന്നു. മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മറ്റി അംഗവും സാത്വികനുമായിരുന്ന അന്തരിച്ച എ വി അബ്‌ദു റഹ്‌മാന്‍ ഹാജി കോഴിക്കോട്‌ വര്‍ത്തമാനം ദിനപത്രത്തിന്റെ പത്രാധിപരുടെ മുറിയില്‍ ഇരുന്നുകൊണ്ട്‌ കോഴിക്കോട്ടെ ചില പ്രമുഖരായ എഴുത്തുകാര്‍ക്കുമുന്നില്‍ മനസ്സു തുറന്നതിനെക്കുറിച്ച്‌ പറഞ്ഞുകേട്ട സംഭവം. ``ഒരനീതിക്ക്‌ കൂട്ടു നിന്നു എന്നത്‌ ഒരു മുസല്‍മാന്‍ എന്ന നിലയില്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കളങ്കമായി അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു'വെത്രെ. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍വേണ്ടി പാണക്കാട്‌ തങ്ങളുടെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രി ഇ കെ നായനാരെ കാണാന്‍ പോയതാണ്‌ ആ അനീതി. അടിയന്തരാവസ്ഥക്കാലത്ത്‌ നായനാര്‍ക്കൊപ്പം ജയിലില്‍ കഴിഞ്ഞ ആളാണ്‌ അബ്‌ദുറഹ്‌മാന്‍ ഹാജി. ആ സ്‌നേഹം നായനാര്‍ക്ക്‌ അദ്ദേഹത്തോട്‌ ഉണ്ടായിരുന്നു. അതാണ്‌ ഈ ദൗത്യം അദ്ദേഹത്തില്‍ വന്നു വീഴാന്‍ കരണമായത്‌. കൊരമ്പയില്‍ അഹമ്മദ്‌ ഹാജിയും ഡോ എം കെ മുനീറുമായിരുന്നു ദൗത്യ സംഘത്തിലെ മറ്റ്‌ രണ്ടുപേര്‍. കുഞ്ഞാലിക്കുട്ടി പ്രശ്‌നത്തില്‍ ഇടഞ്ഞുനിന്ന മുനീറിനെ പാണക്കാട്‌ തങ്ങള്‍ നേരിട്ട്‌ വിളിച്ച്‌ കര്‍ശനമായി ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു എന്നും കേട്ടിരുന്നു. ഈ സംഭവങ്ങള്‍ സ്ഥിരീകരിക്കാന്‍ ഇന്ന്‌ അവരില്‍ രണ്ടുപേര്‍ ജീവിച്ചിരുപ്പില്ല. ഈ ഏറ്റുപറച്ചിലിന്‌ സാക്ഷിയായവരില്‍ ഒരാള്‍ പ്രശസ്‌ത എഴുത്തുകാരന്‍ എന്‍ പി മുഹമ്മദായിരുന്നു. അദ്ദേഹവും ഇന്നില്ല. മറ്റൊരാള്‍ അദ്ദേഹത്തിന്റെ മകന്‍ എന്‍ പി ഹാഫിസ്‌ മുഹമ്മദാണ്‌. ഒരു വെളിപ്പെടുത്തലിലൂടെ വിവാദങ്ങളിലേയ്‌ക്ക്‌ വലിച്ചിഴക്കപ്പെടാന്‍ അദ്ദേഹം എന്തായാലും ആഗ്രഹിക്കുന്നുണ്ടാവില്ല. നാളിതുവരെ പാലിച്ച നിശബ്‌ദത ഈ ഒത്തുതീര്‍പ്പിന്റെ ഘട്ടത്തില്‍ ഭഞ്‌ജിക്കുവാന്‍ എം കെ മുനീറും ആഗ്രഹിക്കില്ല എന്നത്‌ സ്വാഭാവികം. അതിനാല്‍ ഇതിന്‌ ഒരു ആരോപണമായോ, കഥയായോ തല്‍ക്കാലം മാറ്റിനിര്‍ത്താം. നികേഷ്‌കുമാര്‍ പറയും പോലെ ഇനിവരുന്ന ഒരു തലമുറയ്‌ക്കായി വിട്ടുകൊടുക്കാം.

ഒരു പക്ഷേ, തീര്‍ച്ചയായും...

എന്നാല്‍ `അനീതിക്ക്‌ കൂട്ടുനിന്നതോടെ' പ്രത്യക്ഷത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പടനയിക്കാനുള്ള ധാര്‍മ്മികമായ ആയുധം മുനീറിന്‌ നഷ്‌ടപ്പെടുകയായിരുന്നു. (മറ്റൊരു ഘട്ടത്തിനും സി എച്ചിന്റെ മകന്‌ കുഞ്ഞാലിക്കുട്ടിക്ക്‌ വേണ്ടി രംഗത്തിറങ്ങേണ്ടിവന്നു. റെജീനയുടെ വെളിപ്പെടുത്തലിന്‌ ശേഷം മക്കയില്‍ നിന്ന്‌ കരിപ്പൂരില്‍ വിമാനമിറങ്ങുന്ന കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാനാണ്‌ മനമില്ലാമനസ്സോടെ മുനീര്‍ പോയത്‌. അതും പാണക്കാട്‌ തങ്ങളുടെയും പാര്‍ട്ടിയുടെയും നിര്‍ബന്ധപ്രകാരം. അന്ന്‌ ഏഷ്യാനെറ്റ്‌ റിപ്പോര്‍ട്ടര്‍ ദീപയെ മുസ്‌ലീം ലീഗ്‌ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട്‌ തല്ലിയ കൂട്ടത്തില്‍ മുനീറിനും കിട്ടി തൊഴി. പക്ഷേ പാര്‍ട്ടി കൂറ്‌ കാരണം അതുപോലും തുറന്നുപറയാന്‍ അദ്ദേഹത്തിനായില്ല. പ്രവര്‍ത്തകര്‍ അന്ന്‌ കരിപ്പൂര്‍ വിമാനത്താവളത്തിന്‌ മുകളില്‍ നാട്ടിയിരുന്ന ദേശീയ പതാക വലിച്ച്‌ താഴെയിട്ട്‌ പകരം മുസ്‌ലീം ലീഗിന്റെ ഹരിതപതാക ഉയര്‍ത്തി. വ്യക്തമായ തെളിവുകളുണ്ടായിട്ടും ഇവര്‍ക്കെതിരെ നടപടിയുണ്ടായില്ല.) അതുകൊണ്ടുതന്നെ ഇന്ത്യാവിഷനില്‍ വന്ന വാര്‍ത്തകളില്‍ സ്വകാര്യമായ ഒരാനന്ദം മുനീറിനുണ്ടായിരുന്നു എന്നാണ്‌ മനസ്സിലാകുന്നത്‌. അതൊരു കെട്ടിച്ചമച്ച വാര്‍ത്തയായിരുന്നുവെങ്കില്‍ അത്ര വലിയൊരു റിസ്‌കെടുക്കാന്‍ മുനീറും ഇന്ത്യാവിഷന്‍ മാനേജ്‌മെന്റും തയ്യാറാവുമായിരുന്നില്ല. കാരണം ആ വാര്‍ത്തയുടെ പേരില്‍ വലിയ നഷ്‌ടങ്ങളാണ്‌ ഇന്ത്യാവിഷന്‌ ഉണ്ടായത്‌. ഒരുപാട്‌ സാമ്പത്തിക സ്രോതസ്സുകള്‍ ആസൂത്രിതമായി അടയ്‌ക്കപ്പെട്ടു. ഇന്ത്യാവിഷന്‍ ചാനലിനെ പൂട്ടിക്കാന്‍ കുഞ്ഞാലിക്കുട്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഒരു ഘട്ടത്തില്‍ സ്ഥാപനം പിടിച്ചെടുക്കുമെന്ന സ്ഥിതിവരെ വന്നു. അപ്പോള്‍ മുനീറിന്റെ `നന്‍മയ്‌ക്ക്‌' വിലയിട്ട്‌ ഷെയര്‍ നല്‍കിയാണ്‌ സ്ഥാപനം കൈവിട്ടുപോകാതെ പിടിച്ചുനിര്‍ത്തിയത്‌. മുത്തൂറ്റ്‌ റോയ്‌മാത്യു, കര്‍ണാടക എം എല്‍ എ എന്‍ എ ഹാരിസ്‌, ഐ എം എ യുടെ പ്രതിനിധി മലബാര്‍ ഹോസ്‌പിറ്റല്‍ ഉടമ ഡോ. ലളിത എന്നിവരാണ്‌ അന്ന്‌ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ഇന്ത്യാവിഷനെ താങ്ങി നിര്‍ത്തിയത്‌.
എന്നിട്ടും മുനീര്‍ മുസ്ലിം ലീഗില്‍ നിലനിന്നു, ഇപ്പോഴും നിലനില്‍ക്കുന്നു, എങ്കില്‍ അതിനുള്ള കാരണം എന്തായിരിക്കും? `സി എച്ചിന്റെ മകന്‍ എന്ന നിലയില്‍ പാണക്കാട്‌ തങ്ങള്‍ക്കുള്ള വാല്‍സല്യം' മാത്രമായി അതിനെ കാണാനാവുമോ? ഒരാളുടെ സാമൂഹ്യസ്ഥാനമനുസരിച്ച്‌ കാര്യങ്ങള്‍ ലളിതമായി വിശകലനം ചെയ്യുകയല്ല; മറിച്ച്‌ അതിന്റെ സങ്കീര്‍ണ്ണതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പരിശോധിക്കുകയാണ്‌ ചരിത്ര വിശകലനത്തിന്റെ ഒരു രീതി. മാധ്യമ/അക്കാദമിക രാഷ്‌ട്രീയത്തിനുള്ളില്‍ അടിയന്തര രാഷ്‌ട്രീയ ലക്ഷ്യങ്ങളുമായി ബന്ധമില്ലാത്ത അന്വേഷണങ്ങള്‍ കൂടുതല്‍ പ്രതീകാത്മക മൂല്യവും മൂലധനവും നേടിയെടുക്കുന്ന തന്ത്രമാണ്‌ ഇവിടെ പ്രാവര്‍ത്തികമാവുന്നത്‌. അതിനാല്‍തന്നെ ഇവിടെ ഓര്‍മ്മകളും കഥകളും ആരോപണങ്ങളുമൊന്നും അന്വേഷണത്തിന്റെ പരിധിക്കു പുറത്തുനില്‍ക്കുന്നില്ല. വ്യത്യസ്‌തങ്ങളായ അര്‍ത്ഥോല്‍പാദനത്തിലൂടെ അത്‌ വിവാദങ്ങളെ പ്രചോദിപ്പിക്കുന്നു. സൂക്ഷ്‌മ തലത്തില്‍ പരിശോധിക്കുകയാണെങ്കില്‍ വിമര്‍ശന സ്ഥാപനത്തില്‍ അഥവാ നിശ്ചിത മണ്ഡലത്തില്‍ സ്ഥാനം ഉറപ്പിക്കലോ നേടിയെടുക്കലോ ആണ്‌ അതിലെ പങ്കാളികളെ നിലനിര്‍ത്തുന്ന തന്ത്രം. ഇവിടെ മണ്ഡലം ബഹുമുഖമാണ്‌. ലീഗ്‌ രാഷ്‌ട്രീയം, ഇന്ത്യാവിഷന്‍ എന്ന സ്ഥാപനം, കുഞ്ഞാലിക്കുട്ടി എന്ന പ്രതിയോഗിയുടെ സ്ഥാനം അസ്ഥിരപ്പെടുത്തല്‍, അതിലപ്പുറം മാധ്യമലോകത്ത്‌ പുതുതായി കൈവരുന്ന വിപ്ലവ നായക സ്ഥാന (വക്കം മൗലവി, സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള പോലെയുള്ള)ത്തേയ്‌ക്കുള്ള ഉയരല്‍. മാധ്യമ/അക്കാദമിക രാഷ്‌ട്രീയം സാധാരണ അര്‍ത്ഥത്തിലുള്ള രാഷ്‌ട്രീയമല്ലെന്നു പറയുന്നതിന്റെ പൊരുള്‍ ഇതാണ്‌.
എന്നാല്‍ വക്കം മൗലവിയായി ഉയര്‍ത്തപ്പെട്ട മാധ്യമ വ്യക്തിത്വമായി പിന്നീടൊരിക്കലും മുനീര്‍ പ്രത്യക്ഷപ്പെടുന്നില്ല. മാത്രമല്ല, വാര്‍ത്തകള്‍ അവസാനിപ്പിച്ച്‌, പ്രതിയോഗിയുമായി സന്ധിചെയ്യാന്‍ അതേ സ്ഥാപനത്തെ അദ്ദേഹം ഇന്ന്‌ ഉപയോഗിക്കുകയും ചെയ്‌തിരിക്കുന്നു. അതിനായി നിയോഗിക്കപ്പെട്ട പത്രാധിപ `കേസരി'യുടെ വ്യാഖ്യാനങ്ങള്‍ക്ക്‌ പക്ഷെ, ഉപജാപത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെയ്‌ക്കാനാവുന്നില്ല. ദൃശ്യമാധ്യമങ്ങള്‍ അങ്ങനെയാണ്‌. അത്‌ കാഴ്‌ചക്കാര്‍ക്കുമുന്നില്‍ നിങ്ങളെ വെളിപ്പെടുത്തും. നിങ്ങള്‍ പാകപ്പെടുത്തിയ ദൃശ്യങ്ങള്‍ക്ക്‌ നിങ്ങള്‍ കല്‍പ്പിച്ച അര്‍ത്ഥം മാത്രമല്ല ഉണ്ടാവുക. അതിലുമപ്പുറത്തേയ്‌ക്കുള്ള കാഴ്‌ചയാണ്‌ അത്‌ സാധ്യമാക്കുന്നത്‌. അതുകൊണ്ടുതന്നെ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ വാര്‍ത്തയില്‍ ഇന്ത്യാവിഷന്‍ വഹിക്കുന്ന കര്‍തൃസ്ഥാനം പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നുണ്ട്‌. കര്‍തൃത്വം ഏറ്റെടുക്കുകവഴി അതിന്‍മേല്‍ ഒരാധികാരികത സ്ഥാപിക്കുവാന്‍ അവര്‍ ശ്രമിക്കുന്നു. ആധികാരികത ഒരു നിര്‍മ്മിതിയാണ്‌. കര്‍തൃത്വം സ്വയം വെച്ചൊഴിയുമ്പോള്‍ ആ ആധികാരികത താനെ നഷ്‌ടപ്പെട്ടുകൊള്ളും എന്നത്‌ ഒരു പിന്തിരിപ്പന്‍ തന്ത്രമാണ്‌. കുഞ്ഞാലിക്കുട്ടിയുമായി `മുഖാമുഖം' രാജിയാകുമ്പോള്‍ റജീനയുടെ വെളിപ്പെടുത്തല്‍ എന്ന വാര്‍ത്തയുടെ കര്‍തൃ സ്ഥാനത്തുനിന്നും ഇന്ത്യാവിഷനും നികേഷ്‌കുമാറും ഒഴിയുന്നു. അതോടെ വാര്‍ത്തയുടെ ആധികാരികത സംശയിക്കപ്പെടുന്നു. ഫോര്‍ത്ത്‌ എസ്റ്റേറ്റും വലതുപക്ഷ പ്രത്യയശാസ്‌ത്രവും അധികാരത്തിനുവേണ്ടി നടത്തുന്ന പിമ്പിംഗ്‌.
പക്ഷെ, അത്തരം സന്ദര്‍ഭങ്ങളിലാണ്‌ ഓര്‍മ്മകളില്‍ നിന്നും ചരിത്രത്തില്‍നിന്നും നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നത്‌. കര്‍തൃത്വത്തെ സംബന്ധിക്കുന്ന ആധികാരികത ചോദ്യം ചെയ്യപ്പെടുന്നു. റജീനയുടെ വെളിപ്പെടുത്തലും പിന്നീടുണ്ടായ സംഭവ വികാസങ്ങളും ദൃശ്യമാധ്യമ ചരിത്രത്തിലെ നാഴിക കല്ലുകളാകുമ്പോള്‍ തന്നെ ഇന്ത്യാവിഷന്റെ റോള്‍ പുനര്‍നിര്‍മ്മിക്കേണ്ടത്‌ ചരിത്രപരമായ ആവശ്യമായി മാറുന്നു.

ഇന്ത്യാവിഷനില്‍ അന്ന്‌ എന്താണ്‌ സംഭവിച്ചത്‌?

2004ഒക്‌ടോബര്‍ 28ന്‌ വൈകിട്ട്‌ അഞ്ച്‌ മണിക്കുള്ള ബുള്ളറ്റിനിലാണ്‌ റജീനയുടെ വിവാദമായ വെളിപ്പെടുത്തലുകള്‍ ഇന്ത്യാവിഷന്‍ ചാനലില്‍ വരുന്നത്‌. അന്നത്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത എം പി ബഷീര്‍ പറയുന്നു. ``റജീന വരുന്നതിന്‌ നാല്‌ ദിവസം മുമ്പ്‌ ആരോ ഒരാള്‍ എന്നെ ഫോണില്‍ വിളിച്ച്‌ പറയുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ റജീനയ്‌ക്ക്‌ ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന്‌. ആരാണ്‌ വിളിച്ചതെന്നോ, എന്താണ്‌ പറയാനുള്ളതെന്നോ അയാള്‍ പറഞ്ഞിരുന്നില്ല. രണ്ട്‌ ദിവസം കഴിഞ്ഞ്‌ ഏഷ്യാനെറ്റിലെ പി എം ദീപ എന്നോട്‌ ഇതേ കാര്യം പറയുന്നു. റജീന ആദ്യം ദീപയോടും അതിനുശേഷം എന്നോടും സംസാരിക്കും എന്നായിരുന്നു പറഞ്ഞത്‌. അതനുസരിച്ച്‌ ഞങ്ങള്‍ അവരവരുടെ ഓഫീസുകളില്‍ തയ്യാറായിരുന്നു. ഏതാണ്ട്‌ വൈകുന്നേരമായപ്പോള്‍ ദീപ വീണ്ടും വിളിക്കുന്നു. ആ കുട്ടി ഒറ്റത്തവണ മാത്രമേ സംസാരിക്കു എന്നു വാശിപിടിക്കുകയാണെത്രെ. അതറിഞ്ഞ്‌ ഞാന്‍ ഏഷ്യാനെറ്റിന്റെ കോഴിക്കോട്‌ ഓഫീസില്‍ എത്തി. അപ്പോഴേക്കും രണ്ടുമൂന്ന്‌ മാധ്യമപ്രവര്‍ത്തകരെക്കൂടി വിളിച്ചുവരുത്തി. ഏഷ്യാനെറ്റിന്റെ കോഴിക്കോട്‌ സ്റ്റുഡിയോയില്‍ വെച്ചാണ്‌ റജീനയുടെ വിവാദമായ വെളിപ്പെടുത്തലുകള്‍ വരുന്നത്‌. പതിനാറ്‌ മിനിറ്റോളം രജീന സംസാരിച്ചു. 4.55 ആയപ്പോള്‍ അതുവരെ റെക്കോഡ്‌ ചെയ്‌ത കസെറ്റ്‌ പുറത്തെടുത്ത്‌ മറ്റൊന്ന്‌ ക്യാമറാമാനെ ഏല്‍പ്പിച്ച്‌ ഷൂട്ട്‌ തുടരാന്‍ നിര്‍ദ്ദേശം നല്‍കി ഞാന്‍ പുറത്തിറങ്ങി. 2001ല്‍ കൈരളിയുടെ കാലം തൊട്ട്‌ പിന്തുടരുന്ന വാര്‍ത്ത എന്ന നിലയില്‍ റജീനയുടെ വെളിപ്പെടുത്തലുകള്‍ സൃഷ്‌ടിക്കാന്‍ പോകുന്ന കോളിളക്കത്തെക്കുറിച്ച്‌ എനിക്ക്‌ നല്ല ധാരണയുണ്ടായിരുന്നു. നേരേ ഞാന്‍ ഇന്ത്യാവിഷന്‍ ഓഫീസില്‍ എത്തി. അപ്പോള്‍ അഞ്ച്‌ മണിയുടെ വാര്‍ത്ത തുടങ്ങാറായിരുന്നു. കെ അജിതയെ വിളിച്ച്‌ റജീന ആ കേസിലെ എത്രാമത്തെ സാക്ഷിയാണെന്ന്‌ ചോദിച്ച്‌ ഉറപ്പുവരുത്തി. അന്ന്‌ കൈരളിയില്‍ വെച്ചുണ്ടായിരുന്ന കടം ഞാന്‍ വീട്ടുകയാണെന്നു പറഞ്ഞു. പിന്നീട്‌ കൊച്ചി ഡസ്‌കില്‍ ഹെഡ്‌ ലൈന്‍സ്‌ പറഞ്ഞുകൊടുത്തു. അങ്ങനെ റജീനയുടെ പതിനാല്‌ മിനിറ്റ്‌ നീളുന്ന വിവാദമായ വെളിപ്പെടുത്തല്‍ ഇന്ത്യാവിഷന്റെ അഞ്ച്‌ മണിക്കുള്ള വാര്‍ത്തയില്‍ വന്നു. റെജീനയുടെ വെളിപ്പെടുത്തലുകള്‍ക്ക്‌ നാല്‌പത്‌ മിനിറ്റ്‌ ദൈര്‍ഘ്യമുണ്ടായിരുന്നു. ഈ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ ഇന്ത്യാവിഷന്‍ മാനേജ്‌മെന്റിനും അതിന്റെ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ക്കുമൊക്കെ ഒരുപാട്‌ സഹിക്കേണ്ടിവന്നിട്ടുണ്ട്‌. വലിയ നഷ്‌ടം സഹിച്ചുകൊണ്ടാണ്‌ മാനേജ്‌മെന്റ്‌ ഈ വാര്‍ത്തയോടൊപ്പം നിന്നത്‌. ആ നഷ്‌ടം കേരളത്തിന്റെ മാധ്യമ ചരിത്രത്തിലെ വളരെ നിര്‍ണ്ണായകമായ ഒരു സ്ഥാനത്തേയ്‌ക്ക്‌ ഇന്ത്യാവിഷനെ ഉയര്‍ത്തി എന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. കൈരളിയില്‍ ഉണ്ടായ അനുഭവത്തിന്‌ വ്യക്തിപരമായ ഒരു കടംവീട്ടലും അതിലുണ്ട്‌.''
അഞ്ച്‌ മണിക്കുള്ള ഇന്ത്യാവിഷന്‍ വാര്‍ത്തയില്‍ ഏതാണ്ട്‌ 14-15 മിനിറ്റോളം റജീനയുടെ വെളിപ്പെടുത്തല്‍ കാണിച്ചിരുന്നു. എം പി ബഷീര്‍ പറയും പോലെ `മഹത്തായ മാധ്യമധര്‍മ്മമോ, ചരിത്രപരമായ ദൗത്യ നിര്‍വഹണമോ' ഒന്നും ഇവിടെ കാണാനാവുകയില്ല. അതൊരു എഡിറ്റോറിയല്‍ തീരുമാനത്തിന്റെ ഫലമായിരുന്നുവെന്നും കരുതാന്‍ തരമില്ല. കാരണം ആ വാര്‍ത്ത സംഭവിച്ച ദിവസം കുരുക്ഷേത്രം പരിപാടിയുടെ ലൈവ്‌ ടെലികാസ്റ്റ്‌ നടക്കുകയായിരുന്നു. അത്‌ നടത്തുന്നത്‌ നികേഷ്‌കുമാറാണ്‌. അതായത്‌ റജീനയുടെ വിവാദ വെളിപ്പെടുത്തലുകള്‍ വരുന്ന സമയത്ത്‌ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ നികേഷ്‌കുമാര്‍ കുരുക്ഷേത്രത്തിന്റെ സംഘാടനവുമായി കോട്ടയം ടി ബിയിലാണുണ്ടായിരുന്നത്‌. അന്ന്‌ വാര്‍ത്ത വായിച്ചിരുന്നത്‌ താരതമ്യേന പുതുമുഖമായിരുന്ന ഷാനിയായിരുന്നു. ഡെസ്‌കില്‍ എഡിറ്റോറിയല്‍ ചുമതല വഹിക്കുകയും പിന്നീട്‌ ഇന്ത്യാവിഷന്‍ വിട്ടുപോവുകയും ചെയ്‌തവര്‍ പറയുന്നതനുസരിച്ച്‌, ഈ വാര്‍ത്ത വരുന്നതിന്‌ മുമ്പ്‌ നികേഷ്‌കുമാറുമായോ അസോസിയേറ്റ്‌ എഡിറ്ററായിരുന്ന എന്‍ പി ചന്ദ്രശേഖരനുമായോ യാതൊരുവിധ കൂടിയാലോചനയും നടന്നിരുന്നില്ല. അവരുടെ അറിവോട്‌ കൂടിയല്ല അത്‌ അങ്ങനെയായിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്‌. കാരണം ഈ വാര്‍ത്തയോട്‌ ഇന്ത്യാവിഷന്‍ പിന്നീട്‌ കൈകൊണ്ട സമീപനം അത്‌ വ്യക്തമാക്കുന്നു.
അഞ്ച്‌ മണിക്കുള്ള വാര്‍ത്തയില്‍ കേരളമാകെ കോളിളക്കം സൃഷ്‌ടിച്ച വാര്‍ത്ത തുടര്‍ന്നുള്ള ഇന്ത്യാവിഷന്‍ ബുള്ളറ്റിനുകളില്‍ അപ്രത്യക്ഷമാവുകയോ പ്രാധാന്യം കുറയുകയോ ചെയ്‌തതായി കാണാം. അഞ്ച്‌ മണിക്കുള്ള ബുള്ളറ്റിനുശേഷം ആറ്‌ മുതല്‍ ഏഴുവരെ കോട്ടയത്തുനിന്നുള്ള കുരുക്ഷേത്രം പരിപാടിയാണ്‌്‌ കേരളം കണ്ടത്‌. ഈ സമയമെല്ലാം, ഈ വാര്‍ത്തയുടെ വിശദാംശങ്ങളറിയാന്‍ മറ്റ്‌ ചാനലുകള്‍ മാറ്റിമാറ്റിനോക്കുകയായിരുന്നു കേരള സമൂഹം. ഏഴ്‌ മണിയുടെ വാര്‍ത്തയില്‍ 19-20 മിനിറ്റുകള്‍ക്ക്‌ ശേഷം ഒന്നോരണ്ടോ വാക്യങ്ങളില്‍ വെറുതെ പറഞ്ഞുപോവുകയായിരുന്നു ഈ വിവാദവാര്‍ത്ത. എട്ടുമണിയുടെ വാര്‍ത്ത വരുമ്പോഴേക്കും കേരളം മുഴുവന്‍ പ്രശ്‌നം ചര്‍ച്ചയായി കഴിഞ്ഞിരുന്നു. ടി ജെ ചന്ദ്രചൂഡന്റെയും പ്രതിപക്ഷ നേതാവിന്റെയുമൊക്കെ പത്രസമ്മേളനം നടന്നു കഴിഞ്ഞിരുന്നു. രാഷ്‌ട്രീയ വൃത്തങ്ങളില്‍ കോളിളക്കം സൃഷ്‌ടിച്ച സ്വന്തം സ്‌കൂപ്‌ പക്ഷെ, കണ്ടത്‌ സ്‌പോര്‍ട്ട്‌സ്‌ വാര്‍ത്തയുടെ തൊട്ടുമുമ്പ്‌ ഏതാനും വാചകങ്ങളില്‍ മാത്രം. വിഷ്വല്‍ ഉണ്ടായിരുന്നില്ലെന്നാണ്‌ ഓര്‍മ്മ. ഒന്‍പതുമണിക്കുള്ള ന്യൂസ്‌ നൈറ്റില്‍ നികേഷ്‌കുമാര്‍ നേരിട്ട്‌ പ്രത്യക്ഷപ്പെട്ടപ്പോള്‍ പ്രേക്ഷകര്‍ വിചാരിച്ചു ഇന്നത്തെ അത്താഴവിരുന്നില്‍ കുഞ്ഞാലിക്കുട്ടിയാവും വിഭവമെന്ന്‌. പക്ഷെ, അന്നത്തെ ചര്‍ച്ചയിലെ രണ്ടാമത്തെ സംഭവമായാണ്‌ ഈ വിഷയം അവര്‍ ചര്‍ച്ചക്കെടുത്തത്‌. അതും കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു ഏറെയും. വാര്‍ത്തയോടുള്ള സമീപനവും ലക്ഷ്യവും അന്നേ ഏറെക്കുറെ വ്യക്തമായിരുന്നു. ഈ വാര്‍ത്ത ``കേരളത്തിന്റെ മാധ്യമ ചരിത്രത്തിലെ വളരെ നിര്‍ണ്ണായകമായ ഒരു സ്ഥാനത്തേയ്‌ക്ക്‌ ഇന്ത്യാവിഷനെ ഉയര്‍ത്തി...'' എന്നാണ്‌ എം പി ബഷീര്‍ പറയുന്നത്‌. ``അഞ്ച്‌മണിക്കുള്ള ബുള്ളറ്റിനില്‍ വാര്‍ത്ത വന്നതിനുശേഷം തുടര്‍ന്നുള്ള ബുള്ളറ്റിനുകളില്‍ വാര്‍ത്ത ഉണ്ടായിരുന്നില്ല. ബഷീര്‍ ഒടുവില്‍ ജമാലുദ്ദീന്‍ ഫാറൂഖിയെ വിളിച്ച്‌ രാജിവെക്കുമെന്നുഭീഷണിപ്പെടുത്തി. മാത്രമല്ല, നാളെ പതിനൊന്നുമണിക്ക്‌ കോഴിക്കോട്‌ പത്രസമ്മേളനം വിളിച്ച്‌ ആരൊക്കെ ചേര്‍ന്നാണ്‌ വാര്‍ത്ത മുക്കിയതെന്ന്‌ വിളിച്ചുപറയുമെന്നും ബഷീര്‍ പറഞ്ഞു. അങ്ങനെ എട്ടുമണിവാര്‍ത്തയുടെ ഇരുപതാം മിനുട്ടില്‍ റജീനയുടെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള വാര്‍ത്ത വീണ്ടും കൊടുക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.'' എന്ന്‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ച്‌ ലീഗുകാരുടെ മര്‍ദ്ദനമേറ്റുവാങ്ങിയ ഇന്ത്യാവിഷനിന്റെ അന്നത്തെ ക്യാമറാമാനും ഈ സംഭവങ്ങള്‍ക്കെല്ലാം ദൃക്‌സാക്ഷിയുമായ ബിജുമുരളീധരന്‍ വെളിപ്പെടുത്തുന്നു.
അഞ്ച്‌ മണിക്ക്‌ ഇന്ത്യാവിഷനില്‍ വാര്‍ത്ത വന്നതിന്‌ ശേഷം വി എസ്‌ അച്ച്യുതാനന്ദന്‍, ടി ജെ ചന്ദ്രചൂഡന്‍ തുടങ്ങിയ നേതാക്കള്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി. അങ്ങനെ സംഭവിച്ചിരുന്നില്ലെങ്കില്‍ തുടര്‍ന്നുള്ള ബുള്ളറ്റിനുകള്‍ ഏറെക്കുറെ ഒതുക്കിക്കളഞ്ഞ വാര്‍ത്തയ്‌ക്ക്‌ അത്രയൊന്നും പ്രാധാന്യം ഒറ്റ രാത്രികൊണ്ട്‌ ഉണ്ടാകുമായിരുന്നില്ല. ഈ വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ ഐസ്‌ക്രീം പാര്‍ലര്‍ വാര്‍ത്തയുടെമേല്‍ ഇന്ത്യാവിഷനും നികേഷ്‌കുമാറും എടുത്തണിഞ്ഞിരുന്ന കര്‍തൃത്വസ്ഥാനം ശിഥിലമാകുന്നു. മറ്റ്‌ ഒരുപാട്‌ കര്‍തൃത്വങ്ങള്‍ ആ സ്ഥാനത്തേയ്‌ക്ക്‌ കടന്നുവരുകയും ചെയ്യുന്നു. ``ഇപ്പോഴുള്ള തലമുറയെ അപ്രസക്തരാക്കി പുതിയ മറ്റൊരു തലമുറ കൂടി ഉടന്‍ വരാനുണ്ട്‌. അവര്‍ക്കുള്ള ഒരു അധ്യായമാണ്‌ റജീനയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകളും വര്‍ഷങ്ങള്‍ക്കുശേഷമുള്ള എതിര്‍വികാരവും.'' എന്ന നികേഷിന്റെയും ഇന്ത്യാവിഷന്റെയും ഒത്തുതീര്‍പ്പുകള്‍ അവരെത്തന്നെ തിരിഞ്ഞുകുത്തുന്നത്‌ ഈ സാഹചര്യത്തിലാണ്‌.
ഏഷ്യാനെറ്റില്‍ ഈ വാര്‍ത്ത വന്നതേയില്ല. അവരുടെ സ്റ്റുഡിയോയിലാണ്‌ റജീനയുടെ വെളിപ്പെടുത്തല്‍ നടന്നത്‌. പക്ഷെ, അവരത്‌ കണ്ടില്ലെന്നു നടിച്ചു. കോഴിക്കോട്‌ നിന്നും അയച്ച വാര്‍ത്ത കൊലചെയ്യപ്പെട്ടത്‌ തിരുവനന്തപുരത്ത്‌ ഡസ്‌കിലായിരുന്നുവെന്ന്‌ പറയപ്പെടുന്നു. റജീനയുടെ വെളിപ്പെടുത്തല്‍ വാര്‍ത്ത പ്രൈംടൈമില്‍ കൊണ്ടുവന്നതും ഒന്നാം വാര്‍ത്തയാക്കി വിവാദമാക്കിയതും യഥാര്‍ത്ഥത്തില്‍ കൈരളിയായിരുന്നു. ഇന്ത്യാവിഷന്‍ ഷൂട്ടുചെയ്‌ത ടേപ്പിന്റെ പകര്‍പ്പുവാങ്ങിയാണ്‌ കൈരളി വാര്‍ത്തയാക്കിയത്‌. ചരിത്രപരമായ ഒരു കടംവീട്ടലായി ഇതിനെ കാണാം. ഒരിക്കല്‍ നിരസിച്ചവര്‍ക്ക്‌ വാര്‍ത്ത നല്‍കേണ്ടിവന്നു. അന്നുരാത്രിതന്നെ പി ടി എ വിശദമായി വാര്‍ത്ത അടിച്ചതോടെ വിവാദങ്ങള്‍ കൈവിട്ടുപോയി. പിറ്റേന്നിറങ്ങിയ ദിനപത്രങ്ങളുടെ പ്രധാന വാര്‍ത്ത റജീനയുടെ വെളിപ്പെടുത്തല്‍ തന്നെയായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവമേ ഉണ്ടായില്ല എന്ന മട്ടില്‍ രണ്ടുപത്രങ്ങള്‍ പുറത്തിറങ്ങി. ഒന്ന്‌ ലീഗിന്റെ മുഖപത്രമായ ചന്ദ്രിക. മറ്റൊന്ന്‌ സുകുമാര്‍ അഴീക്കോടിന്റെ മുഖ്യ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന വര്‍ത്തമാനം. തുടര്‍ന്നുള്ള ദിവസങ്ങള്‍ സംഭവബഹുലമായിരുന്നു. പിറ്റേന്ന്‌ വൈകിട്ട്‌ റജീന ഇന്ത്യാവിഷന്റെ ഓഫീസില്‍ വീണ്ടും എത്തുന്നു. കഴിഞ്ഞ ഒരു രാത്രിയും ഈ പകലും താന്‍ നിരന്തരം വേട്ടയാടപ്പെടുകയായിരുന്നുവെന്നും. നിങ്ങളോട്‌ ഇതെല്ലാം തുറന്നു പറഞ്ഞതുകൊണ്ട്‌ തനിക്ക്‌ ജീവിക്കാന്‍ വയ്യാതായിരിക്കുകയാണെന്നും പൊട്ടിത്തെറിച്ചുകൊണ്ടും പൊട്ടിക്കരഞ്ഞുകൊണ്ടും റജീന സംസാരിച്ചപ്പോള്‍, ഏഷ്യാനെറ്റ്‌ `റെജീന മൊഴി തിരുത്തി' എന്ന്‌ വാര്‍ത്ത കൊടുത്തു. റെജീന മൊഴി തിരുത്തി എന്ന്‌ സ്ഥാപിക്കുന്നതരത്തിലായിരുന്നു ഇന്ത്യാവിഷനും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. എന്നാല്‍ `തന്നെ മാനസിക രോഗാശുപത്രിയിലാക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ ആള്‍ക്കാര്‍ ശ്രമിച്ച'തായുള്ള റെജീനയുടെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ തമസ്‌കരിച്ചു. ജീവന്‌ തന്നെ ഭീഷണിയായി തെരുവില്‍ ഒറ്റപ്പെട്ടുപോയ ആ പെണ്‍കുട്ടിയുടെ പിന്നാലെ ക്യാമറകള്‍ കണ്ണുചിമ്മാതെ പിന്തുടര്‍ന്നു. വളരെ ക്രൂരമായി `അവളെ റിപ്പോര്‍ട്ട്‌' ചെയ്‌തു. വീട്ടിലോ മറ്റെവിടെയെങ്കിലുമോ സുരക്ഷിതമായി നില്‍ക്കാന്‍ കഴിയാതെ നിന്ന ആ പെണ്‍കുട്ടിയെ എ പ്രദീപ്‌ കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകരാണ്‌ ഏറ്റെടുത്തത്‌.
ഇന്ത്യാവിഷന്‍ കോഴിക്കോട്‌ ഓഫീസിനുനേര ലീഗുകാര്‍ കല്ലെറിയുകയും എഷ്യാനെറ്റ്‌ റിപ്പോര്‍ട്ടര്‍ ദീപ ആക്രമിക്കപ്പെടുകയും ചെയ്‌തപ്പോഴാണ്‌ വാര്‍ത്തയുടെ പ്രാധാന്യവും അതില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുന്നതിലെ മണ്ടത്തരവും അഭിനവ കേസരികള്‍ക്ക്‌ മനസ്സിലായത്‌. തുടര്‍ന്നിങ്ങോട്ട്‌ അക്രമങ്ങളും വാര്‍ത്താ സമ്മേളനങ്ങളും സമരങ്ങളും റിപ്പോര്‍ട്ടു ചെയ്‌തുകൊണ്ട്‌ ഒരു വലിയ രാഷ്‌ട്രീയ സംഭവത്തെ `ഈവന്റ്‌ റിപ്പോര്‍ട്ടാക്കി' ചുരുക്കുകയായിരുന്നു അവര്‍ ചെയ്‌തത്‌. ഇതിനിടയിലാണ്‌ സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ വരുന്നത്‌. മുനീര്‍ വക്കം മൗലവിയായും നികേഷ്‌കുമാര്‍ സ്വദേശാഭിമാനിയായും ഉയര്‍ത്തപ്പെടുന്നത്‌. അങ്ങനെ ആ വാര്‍ത്തയുടെ കര്‍തൃത്വസ്ഥാനത്തേയ്‌ക്ക്‌ നികേഷ്‌കുമാര്‍ ഉയര്‍ത്തപ്പെടുന്നു. അദ്ദേഹം അത്‌ ആസ്വദിക്കുകയും ചെയ്‌തിരിക്കണം. അത്തരം ആസ്വാദനങ്ങളിലാണ്‌ ഒരു മാധ്യമപ്രവര്‍ത്തകന്റെ നിലപാടുകള്‍ സംശയിക്കപ്പടേണ്ടത്‌. വാര്‍ത്തകള്‍ വിനോദവ്യവസായത്തിന്റെ ഭാഗമാവുകയും മാധ്യമപ്രവര്‍ത്തകര്‍ ഷോ ബിസിനസിന്റെ ഭാഗമാവുകയും ചെയ്യുന്ന കാലത്താണ്‌ ഇത്തരം ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ അപകടകരമായ സൂചനകള്‍ നല്‍കുന്നത്‌. സ്വര്‍ണ്ണക്കടകളുടെയും ബ്യൂട്ടീ പാര്‍ലറുകളുടെയും മറ്റും ഉദ്‌ഘാടനത്തിന്‌ ഒരു ടെലിവിഷന്‍ ജേര്‍ണലിസ്റ്റ്‌ ക്ഷണിക്കപ്പെടുമ്പോള്‍ അവരത്‌ ആസ്വദിക്കുന്നു. പത്രപ്രവര്‍ത്തനത്തിന്റെ ഏതു ഘട്ടത്തിലാണ്‌ മാധ്യമപ്രവര്‍ത്തകര്‍ സെലിബ്രിറ്റികളായി മാറുന്നതെന്നത്‌ കൗതുകകരമായ സംഗതിയാണ്‌. വിപണി ഷോ ബിസിനസിന്റെ ഭാഗമാക്കി ജോര്‍ണലിസ്റ്റിനെ മാര്‍ക്കറ്റ്‌ ചെയ്യുന്നു. ബുദ്ധിയേക്കാള്‍, കഴിവിനേക്കാള്‍ സൗന്ദര്യത്തിന്‌ മാര്‍ക്കറ്റുള്ള `വാര്‍ത്താവ്യവസായത്തില്‍' സമൂഹത്തിന്റെ ഉപരിമണ്ഡലത്തില്‍ നടക്കുന്ന ഒരുതരം കൊടുക്കല്‍ വാങ്ങലായി ദൃശ്യമാധ്യമപ്രവര്‍ത്തനം മാറുന്നതിന്റെ കാഴ്‌ചയും വായനയുമാണ്‌ നികേഷ്‌കുമാറിന്റെ കുഞ്ഞാലിക്കുട്ടി ചരിതം അഭിമുഖം നല്‍കുന്നത്‌. നികേഷിനോ ഇന്ത്യാവിഷനോ ആ വാര്‍ത്തയെ വളരെ വേഗം കൈവിടാനാകും. കാരണം ഈ വാര്‍ത്തയ്‌ക്കുവേണ്ടി നികേഷ്‌ ഒരിക്കലും കഷ്‌ടപ്പെട്ടിട്ടില്ല. താന്‍ പോലും അറിയാതെ വാര്‍ത്ത വന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ദീര്‍ഘമായ ഒരു അഭിമുഖത്തിലൂടെ അദ്ദേഹം മാപ്പുചോദിക്കുകയും ചെയ്‌തിരിക്കുന്നു. `അതൊരു വാര്‍ത്ത മാത്രമായിരുന്നു' എന്നത്‌ ഒരു അരാഷ്‌ട്രീയ പ്രസ്‌താവനയാണ്‌. അത്‌ നികേഷ്‌ കുമാര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഇത്തരമൊരു അരാഷ്‌ട്രീയവല്‍ക്കരണമാണ്‌ ദൃശ്യമാധ്യമങ്ങളില്‍ സമകാലികമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഇവിടെ ഇന്ത്യാവിഷന്‍ ഒരു പാഠപുസ്‌തകമാവുകയാണ്‌. മുഴുവന്‍ സമൂഹത്തിന്റെയും മാധ്യമധാര്‍മ്മികതയുടെ പ്രതീകമായി നിന്നുകൊണ്ട്‌ എങ്ങനെ സമര്‍ത്ഥമായി ഒത്തുതീര്‍പ്പുകളിലേര്‍പ്പെടാമെന്നതിന്റെ മാധ്യമപാഠം.
പ്രലോഭനങ്ങള്‍ക്കും ഉപജാപങ്ങള്‍ക്കും നിന്നുകൊടുക്കാത്ത മാധ്യമ സത്യസന്ധത സംശയിക്കപ്പെടുന്ന വിവരങ്ങളും ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട രേഖകളില്‍ കാണുന്നുണ്ട്‌. റെജീനയുടെ മൊഴിമാറ്റത്തെക്കുറിച്ച്‌ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്‌ പി ജെ സെബാസ്റ്റ്യന്‍ സമര്‍പ്പിച്ച കേസില്‍ കോഴിക്കോട്‌ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ അന്നത്തെ ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ എം പി ബഷീര്‍ നല്‍കിയ മൊഴിയില്‍ `ഈ വാര്‍ത്ത തുടര്‍ന്ന്‌ നല്‍കാതിരുന്നാല്‍ തനിക്ക്‌ പത്തുലക്ഷം രൂപ നല്‍കാമെന്ന്‌ ഒരു യൂത്ത്‌ ലീഗ്‌ നേതാവ്‌ വാഗ്‌ദാനം' ചെയ്‌തതായി വെളിപ്പെടുത്തുന്നു. മാധ്യമങ്ങള്‍ക്ക്‌ ഗൂഢാലോചനയ്‌ക്കും ഉപജാപത്തിനും സമയമില്ലെന്ന നികേഷിന്റെ സ്വയം ന്യായീകരണത്തെ വിശ്വസിക്കേണ്ടതുണ്ടോ? ഇല്ല എന്നാണ്‌ സമകാലിക അനുഭവം. അതിന്‌ ഇന്ത്യാവിഷന്‍ തന്നെയാണ്‌ സാക്ഷി. ``ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ ഇന്ത്യാവിഷന്റെ കോഴിക്കോട്‌ റിപ്പോര്‍ട്ടര്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട്‌ എന്റെ അഭിമുഖം എടുത്തിരുന്നു. റെജീനയുടെ അഭിമുഖവും അവരെടുത്തിരുന്നു. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച്‌ പെണ്‍വാണിഭക്കേസുകളുടെ ഒരു പുനര്‍വിചാരണയായിരുന്നു അത്‌. എന്നാല്‍ ആ എപ്പിസോഡില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ പരാമര്‍ശിക്കുക പോലും ഉണ്ടായില്ല. ഇപ്പോള്‍ നിങ്ങള്‍ തയ്യാറാക്കുന്ന ഈ റിപ്പോര്‍ട്ട്‌ ഏതെങ്കിലും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കും എന്ന്‌ നിങ്ങള്‍ വിശ്വസിക്കുന്നണ്ടോ?'' എന്ന അജിതയുടെ ചോദ്യം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക്‌ നേരേയാണ്‌ ഉന്നയിക്കുന്നത്‌.
ഏതാനും ആഴ്‌ചകള്‍ക്കുമുമ്പ്‌ ഇന്ത്യാവിഷന്റെ കോഴിക്കോട്‌ റിപ്പോര്‍ട്ടര്‍ എന്തിനാണ്‌ റജീനയെ വീണ്ടും കണ്ടത്‌? ഈ കേസുമായി ബന്ധപ്പെട്ട്‌ കെ അജിതയുടെ അഭിമുഖം എന്തിനാണ്‌ വീണ്ടും എടുത്തത്‌? അതൊന്നും എന്തുകൊണ്ട്‌ ഇതുവരെയും ഇന്ത്യാവിഷനില്‍ പ്രക്ഷേപണം ചെയ്‌തില്ല? ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തെ വിചാരണ ചെയ്‌തുകൊണ്ട്‌ ഇന്ത്യാവിഷന്‍ പ്രക്ഷേപണം ചെയ്‌ത പരിപാടിയില്‍ സ്‌ത്രീപീഡനങ്ങളെക്കുറിച്ചുള്ള പ്രത്യേക എപ്പിസോഡില്‍ ഒരിടത്തും ഐസ്‌ക്രീം കേസ്‌ പരാമര്‍ശിക്കാതിരുന്നത്‌ എന്തുകൊണ്ടാണ്‌? റെജീനയുമായുള്ള ഏറ്റവും പുതിയ അഭിമുഖത്തില്‍ കുഞ്ഞാലിക്കുട്ടിക്കും റഊഫിനുമെതിരെ വലിയ വെളിപ്പെടുത്തലുകളാണ്‌ റെജീന നടത്തിയിരിക്കുന്നതെന്നാണ്‌ അറിയുന്നത്‌. റെജീനയുടെ കുട്ടിയാണെന്ന കാരണത്താല്‍ അവരുടെ മകള്‍ക്ക്‌ സ്‌കൂളുകളില്‍ അഡ്‌മിഷന്‍ നിഷേധിക്കുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ റെജീന ഇതില്‍ വെളിപ്പെടുത്തുന്നു. പക്ഷേ ഇതൊന്നും കേരളത്തിലെ പ്രേക്ഷകര്‍ അറിയേണ്ടതില്ല എന്ന്‌ തീരുമാനിച്ചത്‌ ആരാണ്‌,എന്തുകൊണ്ട്‌? ഈ തമസ്‌കരണത്തിന്‌ പിന്നിലെ അബോധമായ വിധേയത്വം ആരോടാണ്‌ എന്ന്‌ കോട്ടയ്‌ക്കല്‍ ടി ബി യില്‍ നിന്നുള്ള കൂടിക്കാഴ്‌ച വെളിപ്പെടുത്തുന്നു. പീഡനത്തിന്‌ ഇരയാക്കപ്പെട്ട ഒരു പെണ്‍കുട്ടി ജീവിതത്തില്‍ കൂടുതല്‍ കൂടുതല്‍ തിരസ്‌കരിക്കപ്പെടുമ്പോള്‍ അതിനെ അവഗണിച്ചുകൊണ്ട്‌ അതിനിടയാക്കിയവരുടെ കുമ്പസാരം കൊണ്ട്‌ കാഴ്‌ചയെ മറയ്‌ക്കുന്നതാണോ അഭിനവ കേസരിമാരുടെ മാധ്യമ ധാര്‍മ്മികത? അതാണോ വരും തലമുറയ്‌ക്കായി കരുതിവെച്ചിരിക്കുന്ന പാഠം?

(സൗത്ത്‌ ഏഷ്യാ ഫീച്ചേഴ്‌സ്‌)
edited version published in malayalam varika"
http://www.malayalamvarikha.com/2008/Jul/18/Report1.pdf

No comments: